ദാനീയേൽ 3:19-27

ദാനീയേൽ 3:19-27 MCV

അപ്പോൾ നെബൂഖദ്നേസർ കോപംകൊണ്ടുനിറഞ്ഞു. ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയുംനേരേ അദ്ദേഹത്തിന്റെ മുഖഭാവം മാറി. തീച്ചൂള പതിവിലും ഏഴുമടങ്ങ് അധികം ചൂടാക്കാൻ അദ്ദേഹം കൽപ്പിച്ചു. സൈന്യത്തിലുള്ള കരുത്തരായ ചില സൈനികരോട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വരിഞ്ഞുകെട്ടി എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയാൻ കൽപ്പിച്ചു. അങ്ങനെ ഈ പുരുഷന്മാരെ അവർ ധരിച്ചിരുന്ന കുപ്പായങ്ങൾ, കാലുറകൾ, തൊപ്പി, മറ്റു വസ്ത്രങ്ങൾ എന്നിവയോടുകൂടെ ബന്ധിച്ച് എരിയുന്ന തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞു. രാജകൽപ്പന കർശനമായിരിക്കുകയാലും തീച്ചൂള ഏറ്റവുമധികം ചൂടേറിയതാകുകയാലും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എടുത്തുകൊണ്ടുപോയ ഭടന്മാരെ തീജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ പുരുഷന്മാരോ, ബന്ധിതരായി എരിയുന്ന തീച്ചൂളയുടെ നടുവിൽ വീണു. അപ്പോൾ നെബൂഖദ്നേസർ രാജാവ് പരിഭ്രമിച്ചു; അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേറ്റ് തന്റെ ഉപദേശകന്മാരോട്, “മൂന്നു പുരുഷന്മാരെയല്ലേ നാം ബന്ധിച്ച്, തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞത്?” എന്നു ചോദിച്ചു. “അതേ, രാജാവേ,” എന്ന് അവർ മറുപടി നൽകി. “നോക്കുക, നാലു പുരുഷന്മാർ ഒരു കേടുംകൂടാതെ കെട്ടഴിഞ്ഞവരായി തീച്ചൂളയുടെ മധ്യത്തിൽ നടക്കുന്നതായി ഞാൻ കാണുന്നു; നാലാമത്തവന്റെ രൂപം ഒരു ദേവപുത്രന്റേതിനു തുല്യമായിരിക്കുന്നു,” എന്നു നെബൂഖദ്നേസർ പറഞ്ഞു. അപ്പോൾ നെബൂഖദ്നേസർ തീച്ചൂളയുടെ വാതിൽക്കൽ ചെന്ന് അത്യുച്ചത്തിൽ, “പരമോന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരിക! ഇങ്ങോട്ടു വരിക!” എന്നു കൽപ്പിച്ചു. ശദ്രക്കും മേശക്കും അബേദ്നെഗോവും തീയുടെ നടുവിൽനിന്ന് പുറത്തുവന്നു. അപ്പോൾ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും രാജാവിന്റെ ഉപദേശകരും അവരുടെ ചുറ്റും ഒരുമിച്ചുകൂടി. ഈ പുരുഷന്മാരുടെ ശരീരത്തിന്മേൽ തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും അവരുടെ വസ്ത്രങ്ങൾ കേടുവരാതെയും തീയുടെ മണംപോലും അവരുടെ ശരീരത്തിനുണ്ടാകാതെയും ഇരുന്നതായി കണ്ടു.