ദാനീയേൽ 3:15-28

ദാനീയേൽ 3:15-28 MCV

ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?” ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “അല്ലയോ നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഞങ്ങൾ അങ്ങയോട് ഉത്തരം പറയേണ്ട ആവശ്യമില്ല. ഞങ്ങളെ തീച്ചൂളയിലേക്ക് എറിയുന്നെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു തീച്ചൂളയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിയും. രാജാവേ, ആ ദൈവം ഞങ്ങളെ അങ്ങയുടെ കൈയിൽനിന്ന് വിടുവിക്കും. ഇല്ലെങ്കിലും ഞങ്ങൾ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു സ്ഥാപിച്ച സ്വർണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുകയില്ല, എന്നു തിരുമേനി അറിഞ്ഞാലും.” അപ്പോൾ നെബൂഖദ്നേസർ കോപംകൊണ്ടുനിറഞ്ഞു. ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയുംനേരേ അദ്ദേഹത്തിന്റെ മുഖഭാവം മാറി. തീച്ചൂള പതിവിലും ഏഴുമടങ്ങ് അധികം ചൂടാക്കാൻ അദ്ദേഹം കൽപ്പിച്ചു. സൈന്യത്തിലുള്ള കരുത്തരായ ചില സൈനികരോട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വരിഞ്ഞുകെട്ടി എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയാൻ കൽപ്പിച്ചു. അങ്ങനെ ഈ പുരുഷന്മാരെ അവർ ധരിച്ചിരുന്ന കുപ്പായങ്ങൾ, കാലുറകൾ, തൊപ്പി, മറ്റു വസ്ത്രങ്ങൾ എന്നിവയോടുകൂടെ ബന്ധിച്ച് എരിയുന്ന തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞു. രാജകൽപ്പന കർശനമായിരിക്കുകയാലും തീച്ചൂള ഏറ്റവുമധികം ചൂടേറിയതാകുകയാലും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എടുത്തുകൊണ്ടുപോയ ഭടന്മാരെ തീജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ പുരുഷന്മാരോ, ബന്ധിതരായി എരിയുന്ന തീച്ചൂളയുടെ നടുവിൽ വീണു. അപ്പോൾ നെബൂഖദ്നേസർ രാജാവ് പരിഭ്രമിച്ചു; അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേറ്റ് തന്റെ ഉപദേശകന്മാരോട്, “മൂന്നു പുരുഷന്മാരെയല്ലേ നാം ബന്ധിച്ച്, തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞത്?” എന്നു ചോദിച്ചു. “അതേ, രാജാവേ,” എന്ന് അവർ മറുപടി നൽകി. “നോക്കുക, നാലു പുരുഷന്മാർ ഒരു കേടുംകൂടാതെ കെട്ടഴിഞ്ഞവരായി തീച്ചൂളയുടെ മധ്യത്തിൽ നടക്കുന്നതായി ഞാൻ കാണുന്നു; നാലാമത്തവന്റെ രൂപം ഒരു ദേവപുത്രന്റേതിനു തുല്യമായിരിക്കുന്നു,” എന്നു നെബൂഖദ്നേസർ പറഞ്ഞു. അപ്പോൾ നെബൂഖദ്നേസർ തീച്ചൂളയുടെ വാതിൽക്കൽ ചെന്ന് അത്യുച്ചത്തിൽ, “പരമോന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരിക! ഇങ്ങോട്ടു വരിക!” എന്നു കൽപ്പിച്ചു. ശദ്രക്കും മേശക്കും അബേദ്നെഗോവും തീയുടെ നടുവിൽനിന്ന് പുറത്തുവന്നു. അപ്പോൾ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും രാജാവിന്റെ ഉപദേശകരും അവരുടെ ചുറ്റും ഒരുമിച്ചുകൂടി. ഈ പുരുഷന്മാരുടെ ശരീരത്തിന്മേൽ തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും അവരുടെ വസ്ത്രങ്ങൾ കേടുവരാതെയും തീയുടെ മണംപോലും അവരുടെ ശരീരത്തിനുണ്ടാകാതെയും ഇരുന്നതായി കണ്ടു. അപ്പോൾ നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെടട്ടെ. രാജകൽപ്പന ലംഘിച്ച് തങ്ങളുടെ ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും സേവിക്കാതിരിക്കാൻവേണ്ടി സ്വന്തം ജീവൻ ഏൽപ്പിച്ചുകൊടുത്തവരും ആണല്ലോ. തന്നിൽ ശരണപ്പെട്ടവരായ തന്റെ ദാസന്മാരെ അവിടന്നു സ്വന്തം ദൂതനെ അയച്ച് വിടുവിച്ചല്ലോ.