ദാനീയേൽ 3:1-7

ദാനീയേൽ 3:1-7 MCV

നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ട് ഒരു പ്രതിമയുണ്ടാക്കി. അതിന്റെ ഉയരം അറുപതു മുഴവും വീതി ആറുമുഴവും ആയിരുന്നു. അദ്ദേഹം അതിനെ ബാബേൽ പ്രവിശ്യയിലുള്ള ദൂരാസമഭൂമിയിൽ നിർത്തി. അതിനുശേഷം നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയുടെ പ്രതിഷ്ഠയ്ക്ക് രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും ഉപദേശകരും ഭണ്ഡാരവിചാരകരും ന്യായാധിപരും മജിസ്ട്രേറ്റുമാരും മറ്റ് എല്ലാ പ്രവിശ്യകളിലെയും ഉദ്യോഗസ്ഥരും വന്നുചേരാൻ നെബൂഖദ്നേസർ രാജാവ് ആളയച്ചു. അങ്ങനെ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും ഉപദേശകരും ഭണ്ഡാരവിചാരകരും ന്യായാധിപരും മജിസ്ട്രേറ്റുമാരും മറ്റ് എല്ലാ പ്രവിശ്യകളിലെയും ഉദ്യോഗസ്ഥരും നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയുടെ പ്രതിഷ്ഠയ്ക്ക് വന്നുകൂടി. നെബൂഖദ്നേസർ നിർത്തിയ പ്രതിമയ്ക്കുമുമ്പിൽ അവർ നിന്നു. അതിനുശേഷം വിളംബരംചെയ്യുന്നവർ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചറിയിച്ചു: “രാഷ്ട്രങ്ങളേ, ജനങ്ങളേ, സകലഭാഷക്കാരുമേ, നിങ്ങൾക്ക് ഈ കൽപ്പന നൽകപ്പെടുന്നു: കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവാദ്യങ്ങളുടെയും നാദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കണം. ആരെങ്കിലും വീണ് നമസ്കരിക്കാതിരുന്നാൽ അവരെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞുകളയുന്നതാണ്.” അങ്ങനെ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ തുടങ്ങിയ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലരാഷ്ട്രങ്ങളിൽനിന്നും വന്നുചേർന്ന എല്ലാ ജനതകളും ഭാഷക്കാരും വീണ് നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയെ നമസ്കരിച്ചു.