അപ്പോ.പ്രവൃത്തികൾ 9:36-42

അപ്പോ.പ്രവൃത്തികൾ 9:36-42 MCV

യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു. ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു. പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു. പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു. അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു. യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു.