ഇതിന്റെ പതിന്നാലാം രാത്രിയിൽ, ഞങ്ങൾ അദ്രിയക്കടലിലൂടെ തിരമാലകളാൽ ആടിയുലഞ്ഞ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അർധരാത്രിയോടെ, ഏതോ ഒരു തീരം അടുത്തുകൊണ്ടിരിക്കുന്നെന്ന് നാവികർക്കു തോന്നി. അവിടെ വെള്ളത്തിന്റെ ആഴം അളന്നു നോക്കിയപ്പോൾ ഏകദേശം മുപ്പത്തിയേഴു മീറ്റർ എന്നുകണ്ടു. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും വെള്ളത്തിന്റെ ആഴം നോക്കിയപ്പോൾ ഏകദേശം ഇരുപത്തിയേഴു മീറ്റർ എന്നുകണ്ടു. ഞങ്ങൾ പാറക്കെട്ടുകളിൽ തട്ടിത്തകരുമെന്നുള്ള ഭയത്താൽ അവർ നാലു നങ്കൂരങ്ങൾ അമരത്തുനിന്നു താഴ്ത്തി, നേരം പുലരുന്നതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. അണിയത്തുനിന്നു നങ്കൂരം ഇറക്കുന്നു എന്ന ഭാവത്തിൽ പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം കടലിലിറക്കി നാവികർ കപ്പലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പൗലോസ് ശതാധിപനോടും പട്ടാളക്കാരോടും, “ഈ ആളുകൾ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അപ്പോൾ പട്ടാളക്കാർ കയർ മുറിച്ചു വള്ളം കടലിൽ തള്ളി. പുലർച്ചയ്ക്ക് അൽപ്പംമുമ്പ് പൗലോസ് അവരെയെല്ലാവരെയും ആഹാരം കഴിക്കാൻ നിർബന്ധിച്ചു. “കഴിഞ്ഞ പതിന്നാലു ദിവസമായി നിങ്ങൾ നിരന്തരമായ അനിശ്ചിതത്വംമൂലം ആഹാരം വെടിഞ്ഞു കഴിയുകയായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾ ദയവായി അൽപ്പമെന്തെങ്കിലും ആഹാരം കഴിക്കണമെന്നാണ് എന്റെ അപേക്ഷ. നിങ്ങളുടെ ജീവരക്ഷയ്ക്ക് അത് അത്യാവശ്യമാണ്. നിങ്ങളിൽ ആരുടെയും ഒരു തലമുടിപോലും നഷ്ടമാകുകയില്ല,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അദ്ദേഹം അപ്പമെടുത്ത് എല്ലാവരും കാൺകെ ദൈവത്തിനു സ്തോത്രംചെയ്തു മുറിച്ചു തിന്നുതുടങ്ങി. അപ്പോൾ അവർക്കെല്ലാവർക്കും ധൈര്യമായി; അവരും ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങളെല്ലാവരുംകൂടി ഇരുനൂറ്റിയെഴുപത്തിയാറു പേരുണ്ടായിരുന്നു. എല്ലാവരും വേണ്ടുന്നത്ര ഭക്ഷിച്ചതിനുശേഷം ധാന്യം കടലിലേക്കെറിഞ്ഞുകളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു. നേരം വെളുത്തപ്പോൾ, സ്ഥലം ഏതെന്നു തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ലെങ്കിലും മണൽത്തീരമുള്ള ഒരു ഉൾക്കടൽ കണ്ടിട്ട്, കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കാൻ അവർ നിശ്ചയിച്ചു. അവർ നങ്കൂരങ്ങൾ മുറിച്ചു കടലിൽത്തള്ളുകയും ചുക്കാൻ ബന്ധിച്ചിരുന്ന കയർ അഴിച്ചുവിടുകയും ചെയ്തു. പിന്നീട് കാറ്റിനെതിരേ പായ നിവർത്തി കരയ്ക്കുനേരേ നീങ്ങി. എന്നാൽ കപ്പൽ ഇരുവശവും കടലുള്ള ഒരു മണൽത്തിട്ടയിൽ കയറി ഉറച്ചുപോയി. അണിയം അനക്കമില്ലാതാകുകയും അമരം തിരകളുടെ ആഘാതത്തിൽ തകർന്നുപോകുകയും ചെയ്തു. തടവുകാരിൽ ആരും നീന്തി രക്ഷപ്പെടാതിരിക്കാൻ അവരെ കൊന്നുകളയണമെന്നു പടയാളികൾ ആലോചിച്ചു. എന്നാൽ, ശതാധിപൻ പൗലോസിന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ആ ആലോചനയിൽനിന്ന് അവരെ പിന്തിരിപ്പിച്ചു. നീന്താൻ കഴിവുള്ളവർ കപ്പലിൽനിന്ന് ആദ്യം ചാടി നീന്തി കരയ്ക്കെത്തിക്കൊള്ളാനും ശേഷമുള്ളവർ പലകകളിലോ കപ്പലിന്റെ അവശിഷ്ടങ്ങളിലോ പിടിച്ചു കരയിൽ എത്താനും അദ്ദേഹം ഉത്തരവിട്ടു. ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്ക്കെത്തി.
അപ്പോ.പ്രവൃത്തികൾ 27 വായിക്കുക
കേൾക്കുക അപ്പോ.പ്രവൃത്തികൾ 27
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പോ.പ്രവൃത്തികൾ 27:27-44
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ