അപ്പോ.പ്രവൃത്തികൾ 27:13-38

അപ്പോ.പ്രവൃത്തികൾ 27:13-38 MCV

തെക്കൻകാറ്റു മന്ദമായി വീശിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ഉദ്ദേശ്യം സാധിച്ചു എന്നുതന്നെ അവർ കരുതി. അതുകൊണ്ടു നങ്കൂരമുയർത്തി, ക്രേത്തയുടെ തീരംചേർന്ന് അവർ യാത്രതുടർന്നു. എന്നാൽ, അധികം സമയം ആകുന്നതിനുമുമ്പുതന്നെ, “വടക്കു-കിഴക്കൻ” എന്ന കൊടുങ്കാറ്റ് ദ്വീപിൽനിന്ന് ആഞ്ഞടിച്ചു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു; കാറ്റിനെതിരായി മുമ്പോട്ടുപോകാൻ സാധ്യമല്ലാതായി. അതുകൊണ്ട് ഞങ്ങൾ കാറ്റിനു വിധേയരാകുകയും അത് ഞങ്ങളെ ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു. ക്ലൗദ എന്ന കൊച്ചുദ്വീപിന്റെ മറപറ്റി ഞങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ, പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം സുരക്ഷിതമായി വെക്കാൻ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു. അതു വലിച്ചുപൊക്കി കപ്പലിനോടു ചേർത്ത് കെട്ടിയുറപ്പിച്ചു. അതിനുശേഷം, കപ്പൽ സിർതിസിലെ മണൽത്തിട്ടകളിൽ ചെന്നുകയറുമെന്നു പേടിച്ച് കപ്പൽപ്പായ്‌കൾ താഴ്ത്തി, കപ്പലിനെ അതിന്റെ ഗതിക്കുവിട്ടു. പിറ്റേന്ന് ഉഗ്രമായ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ആടിയുലഞ്ഞതിനാൽ, അവർ ചരക്കുകൾ കടലിലേക്കെറിഞ്ഞുകളയാൻ തുടങ്ങി. മൂന്നാംദിവസം അവർ സ്വന്തം കൈകൊണ്ടുതന്നെ കപ്പലിന്റെ ഭാരം കൂടിയ ഉപകരണങ്ങളും എറിഞ്ഞുകളഞ്ഞു. അനേകം ദിവസങ്ങൾ സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാൻ കഴിഞ്ഞില്ല; കൊടുങ്കാറ്റ് തുടരെ അടിച്ചുകൊണ്ടിരുന്നു; രക്ഷപ്പെടുമെന്നുള്ള സകലപ്രതീക്ഷയും ഒടുവിൽ ഞങ്ങൾക്കു നഷ്ടമായി. കൂടെയുള്ളവർ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നപ്പോൾ, പൗലോസ് അവരുടെമുമ്പിൽ എഴുന്നേറ്റുനിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മാന്യരേ, ക്രേത്തയിൽനിന്ന് യാത്ര പുറപ്പെടരുതെന്നുള്ള എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കേണ്ടതായിരുന്നു; എങ്കിൽ ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടെയിരിക്കാൻ ഞാൻ നിങ്ങളോടു നിർബന്ധമായി പറയുന്നു. നിങ്ങളിലാർക്കും ജീവഹാനി സംഭവിക്കുകയില്ല, കപ്പൽമാത്രമേ നശിക്കുകയുള്ളൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ കഴിഞ്ഞരാത്രിയിൽ എന്റെ അടുക്കൽ വന്നുനിന്ന് എന്നോട്, ‘പൗലോസേ, ഭയപ്പെടേണ്ട, നീ കൈസറുടെമുമ്പിൽ വിസ്താരത്തിനു നിൽക്കേണ്ടവനാകുന്നു. നിന്നോടൊപ്പം യാത്രചെയ്യുന്നവരെ ദൈവം നിനക്കു നൽകിയിരിക്കുന്നു’ എന്നു പറഞ്ഞു. ആകയാൽ മാന്യരേ, ധൈര്യപ്പെട്ടിരിക്കുക, നമ്മുടെ കപ്പൽ ഒരു ദ്വീപിന്റെ കരയ്ക്കടിച്ചു തകരുമെങ്കിലും ദൈവം എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ഇതിന്റെ പതിന്നാലാം രാത്രിയിൽ, ഞങ്ങൾ അദ്രിയക്കടലിലൂടെ തിരമാലകളാൽ ആടിയുലഞ്ഞ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അർധരാത്രിയോടെ, ഏതോ ഒരു തീരം അടുത്തുകൊണ്ടിരിക്കുന്നെന്ന് നാവികർക്കു തോന്നി. അവിടെ വെള്ളത്തിന്റെ ആഴം അളന്നു നോക്കിയപ്പോൾ ഏകദേശം മുപ്പത്തിയേഴു മീറ്റർ എന്നുകണ്ടു. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും വെള്ളത്തിന്റെ ആഴം നോക്കിയപ്പോൾ ഏകദേശം ഇരുപത്തിയേഴു മീറ്റർ എന്നുകണ്ടു. ഞങ്ങൾ പാറക്കെട്ടുകളിൽ തട്ടിത്തകരുമെന്നുള്ള ഭയത്താൽ അവർ നാലു നങ്കൂരങ്ങൾ അമരത്തുനിന്നു താഴ്ത്തി, നേരം പുലരുന്നതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. അണിയത്തുനിന്നു നങ്കൂരം ഇറക്കുന്നു എന്ന ഭാവത്തിൽ പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം കടലിലിറക്കി നാവികർ കപ്പലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പൗലോസ് ശതാധിപനോടും പട്ടാളക്കാരോടും, “ഈ ആളുകൾ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അപ്പോൾ പട്ടാളക്കാർ കയർ മുറിച്ചു വള്ളം കടലിൽ തള്ളി. പുലർച്ചയ്ക്ക് അൽപ്പംമുമ്പ് പൗലോസ് അവരെയെല്ലാവരെയും ആഹാരം കഴിക്കാൻ നിർബന്ധിച്ചു. “കഴിഞ്ഞ പതിന്നാലു ദിവസമായി നിങ്ങൾ നിരന്തരമായ അനിശ്ചിതത്വംമൂലം ആഹാരം വെടിഞ്ഞു കഴിയുകയായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾ ദയവായി അൽപ്പമെന്തെങ്കിലും ആഹാരം കഴിക്കണമെന്നാണ് എന്റെ അപേക്ഷ. നിങ്ങളുടെ ജീവരക്ഷയ്ക്ക് അത് അത്യാവശ്യമാണ്. നിങ്ങളിൽ ആരുടെയും ഒരു തലമുടിപോലും നഷ്ടമാകുകയില്ല,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇതു പറഞ്ഞതിനുശേഷം അദ്ദേഹം അപ്പമെടുത്ത് എല്ലാവരും കാൺകെ ദൈവത്തിനു സ്തോത്രംചെയ്തു മുറിച്ചു തിന്നുതുടങ്ങി. അപ്പോൾ അവർക്കെല്ലാവർക്കും ധൈര്യമായി; അവരും ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങളെല്ലാവരുംകൂടി ഇരുനൂറ്റിയെഴുപത്തിയാറു പേരുണ്ടായിരുന്നു. എല്ലാവരും വേണ്ടുന്നത്ര ഭക്ഷിച്ചതിനുശേഷം ധാന്യം കടലിലേക്കെറിഞ്ഞുകളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.