പൗലോസ് ന്യായാധിപസമിതിയെ ഉറ്റുനോക്കിക്കൊണ്ട്, “സഹോദരന്മാരേ, ഇന്നുവരെ ഞാൻ നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിനുമുമ്പാകെ ജീവിച്ചു.” അപ്പോൾ മഹാപുരോഹിതനായ അനന്യാസ് പൗലോസിന്റെ അടുത്തുനിൽക്കുന്നവരോട്, അദ്ദേഹത്തിന്റെ മുഖത്തടിക്കാൻ ആജ്ഞാപിച്ചു. അതിന് പൗലോസ്, “വെള്ളപൂശിയ ചുമരേ, ദൈവം നിന്നെ അടിക്കും. ന്യായപ്രമാണമനുസരിച്ച് എന്നെ വിസ്തരിക്കാൻ നീ അവിടെ ഇരിക്കുന്നു; എന്നാൽ, എന്നെ അടിക്കാൻ കൽപ്പിക്കുന്നതിലൂടെ നീ ന്യായപ്രമാണം ലംഘിക്കുന്നു” എന്നു പറഞ്ഞു. പൗലോസിന്റെ അടുത്തുനിന്നവർ അദ്ദേഹത്തോട്, “നീ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നോ?” എന്നു ചോദിച്ചു. “സഹോദരന്മാരേ, മഹാപുരോഹിതനാണ് ഇദ്ദേഹം എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ നീ ദുഷിക്കരുത്’ എന്നെഴുതിയിട്ടുണ്ടല്ലോ,” എന്നു പൗലോസ് മറുപടി പറഞ്ഞു. ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു. അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ജനക്കൂട്ടം ചേരിതിരിഞ്ഞു. പുനരുത്ഥാനം ഇല്ല, ദൈവദൂതരും ആത്മാക്കളും ഇല്ലെന്നു സദൂക്യർ പറയുന്നു, എന്നാൽ പരീശർ ഇവയിലെല്ലാം വിശ്വസിക്കുന്നു. അപ്പോൾ വലിയ കോലാഹലമായി. പരീശന്മാരുടെ കൂട്ടത്തിലെ ചില വേദജ്ഞർ എഴുന്നേറ്റുനിന്നു വാദിച്ചുകൊണ്ട്, “ഞങ്ങൾ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ഒരു ദൂതനോ അയാളോടു സംസാരിച്ചെന്നു വരാമല്ലോ!” അവർ പറഞ്ഞു. അവരുടെ തർക്കം അക്രമാസക്തമായപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളഞ്ഞേക്കുമെന്നു സൈന്യാധിപൻ ഭയപ്പെട്ടു. അയാൾ സൈന്യത്തോട് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു ബലം പ്രയോഗിച്ച് അദ്ദേഹത്തെപ്പിടിച്ചു സൈനികത്താവളത്തിലെത്തിക്കാൻ ആജ്ഞാപിച്ചു.
അപ്പോ.പ്രവൃത്തികൾ 23 വായിക്കുക
കേൾക്കുക അപ്പോ.പ്രവൃത്തികൾ 23
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പോ.പ്രവൃത്തികൾ 23:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ