അപ്പോ.പ്രവൃത്തികൾ 21:27-40

അപ്പോ.പ്രവൃത്തികൾ 21:27-40 MCV

ആ ഏഴുദിവസം കഴിയാറായപ്പോൾ ഏഷ്യാപ്രവിശ്യയിൽനിന്നുള്ള ചില യെഹൂദർ പൗലോസിനെ ദൈവാലയത്തിൽ കണ്ടു. അവർ ജനക്കൂട്ടത്തെ മുഴുവൻ ഇളക്കി അദ്ദേഹത്തെ പിടികൂടി. “ഇസ്രായേൽജനമേ, ഞങ്ങളെ സഹായിക്കുക! നമ്മുടെ ജനങ്ങൾക്കും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും എതിരായി എല്ലായിടത്തും എല്ലാവരെയും പഠിപ്പിക്കുന്നവൻ ഇയാളാണ്. മാത്രമല്ല, ഇയാൾ ഗ്രീക്കുകാരെ ദൈവാലയത്തിനുള്ളിൽ കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയുംചെയ്തിരിക്കുന്നു!” എന്ന് അവർ വിളിച്ചുപറഞ്ഞു. എഫേസ്യനായ ത്രൊഫിമൊസിനെ അവർ നേരത്തേ നഗരത്തിൽവെച്ചു പൗലോസിനോടൊപ്പം കണ്ടിരുന്നു. പൗലോസ് അയാളെയും ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുമെന്ന് അവർ അനുമാനിച്ചു. നഗരം മുഴുവൻ ഇളകി; ജനങ്ങൾ ഓടിക്കൂടി. അവർ പൗലോസിനെ ദൈവാലയത്തിൽനിന്ന് പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി. ഉടൻതന്നെ ദൈവാലയത്തിന്റെ വാതിലുകൾ അടച്ചുകളയുകയും ചെയ്തു. അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുമ്പോൾ, ജെറുശലേം നഗരം മുഴുവൻ ഇളകിമറിഞ്ഞിരിക്കുന്നെന്ന് റോമൻ സൈന്യാധിപന് അറിവുലഭിച്ചു. അയാൾ പെട്ടെന്നുതന്നെ ചില ശതാധിപന്മാരെയും സൈനികരെയും കൂട്ടിക്കൊണ്ട് ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു. സൈന്യാധിപനെയും പട്ടാളക്കാരെയും കണ്ടപ്പോൾ അവർ പൗലോസിനെ അടിക്കുന്നതു നിർത്തി. സൈന്യാധിപൻ ചെന്ന് പൗലോസിനെ അറസ്റ്റ് ചെയ്തു; അദ്ദേഹത്തെ പിടിച്ച് രണ്ടുചങ്ങലകൊണ്ടു ബന്ധിക്കാൻ കൽപ്പിച്ചു. അദ്ദേഹം ആരാണെന്നും എന്തു കുറ്റമാണു ചെയ്തതെന്നും അയാൾ ചോദിച്ചു. ജനക്കൂട്ടത്തിൽ ഓരോരുത്തരും ഓരോവിധത്തിൽ വിളിച്ചുകൂവിക്കൊണ്ടിരുന്നു. ബഹളംനിമിത്തം സൈന്യാധിപനു സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കാതെവന്നതുകൊണ്ട് പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ അയാൾ ആജ്ഞാപിച്ചു. പൗലോസ് ദൈവാലയത്തിന്റെ സോപാനത്തിൽ എത്തിയപ്പോഴേക്കും ജനക്കൂട്ടം വല്ലാതെ അക്രമാസക്തരായി; അതുകൊണ്ടു സൈനികർക്ക് അദ്ദേഹത്തെ ചുമന്നുകൊണ്ടുപോകേണ്ടിവന്നു. അവരുടെ പിന്നാലെ ചെന്ന ജനസമൂഹം, “അവനെ കൊന്നുകളയുക, കൊന്നുകളയുക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ സൈനികർ പൗലോസിനെ അവരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകാൻ തുടങ്ങുമ്പോൾ, അദ്ദേഹം സൈന്യാധിപനോട്, “അങ്ങയോടു ചില കാര്യങ്ങൾ പറയാൻ അനുവദിക്കുമോ?” എന്നു ചോദിച്ചു. അതുകേട്ട് അയാൾ, “എന്ത്, താങ്കൾക്ക് ഗ്രീക്കുഭാഷ അറിയാമോ? കുറെനാൾമുമ്പ് ഒരു വിപ്ളവം തുടങ്ങുകയും നാലായിരം ഭീകരന്മാരെ മരുഭൂമിയിലേക്കു നയിക്കുകയുംചെയ്ത ഈജിപ്റ്റുകാരനല്ലേ നിങ്ങൾ?” എന്നു ചോദിച്ചു. അപ്പോൾ പൗലോസ്, “ഞാൻ കിലിക്യാപ്രവിശ്യയിലെ തർസൊസിൽനിന്നുള്ള ഒരു യെഹൂദനാണ്; ഒട്ടും അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരൻ. ദയവായി ജനങ്ങളോടു സംസാരിക്കാൻ എന്നെ അനുവദിക്കേണം” എന്നു പറഞ്ഞു. സൈന്യാധിപന്റെ അനുമതി ലഭിച്ചപ്പോൾ പൗലോസ് സോപാനത്തിൽനിന്നുകൊണ്ടു ജനങ്ങൾക്കുനേരേ ആംഗ്യംകാട്ടി; അവർ നിശ്ശബ്ദരായപ്പോൾ അദ്ദേഹം എബ്രായരുടെ ഭാഷയിൽ അവരോട് ഇങ്ങനെ പ്രഘോഷിച്ചു.