അപ്പോ.പ്രവൃത്തികൾ 20:22-32

അപ്പോ.പ്രവൃത്തികൾ 20:22-32 MCV

“ഇപ്പോൾ ഞാൻ ആത്മാവിന്റെ അതിശക്തമായ പ്രേരണയാൽ ജെറുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുകയെന്നു ഞാൻ അറിയുന്നില്ല. ഒന്നുമാത്രം ഞാൻ അറിയുന്നു: കാരാഗൃഹവും കഷ്ടപ്പാടുകളുമാണ് ഓരോ പട്ടണത്തിലും എന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു തരുന്നു. എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം. “നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു സഞ്ചരിച്ചിരുന്ന എന്റെ മുഖം ഇനിമേൽ നിങ്ങളിലാരും കാണുകയില്ല എന്നെനിക്ക് ഇപ്പോൾ അറിയാം. അതുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു പ്രസ്താവിക്കട്ടെ: നിങ്ങളിലാരുടെയും രക്തം സംബന്ധിച്ചു ഞാൻ കുറ്റക്കാരനല്ല. ദൈവഹിതം പൂർണമായി, ഒട്ടും മറച്ചുവെക്കാതെതന്നെ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്. നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിവെച്ചിട്ടുള്ള ആട്ടിൻപറ്റത്തെയും ഭദ്രമായി സംരക്ഷിക്കുക. സ്വന്തം രക്തത്താൽ അവിടന്നുതന്നെ വിലയ്ക്കു വാങ്ങിയ ദൈവത്തിന്റെ സഭയ്ക്ക് അജപാലനം ചെയ്യുക. ഞാൻ പോയശേഷം ആട്ടിൻപറ്റത്തെ നശിപ്പിക്കാൻ മടിയില്ലാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടന്നുകൂടുമെന്ന് എനിക്കറിയാം. ക്രിസ്തുശിഷ്യരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി സത്യത്തെ വളച്ചു സംസാരിക്കുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ എഴുന്നേൽക്കും. അതുകൊണ്ട് ജാഗരൂകരായിരിക്കുക. ഞാൻ മൂന്നുവർഷം അഹോരാത്രം നിങ്ങൾക്കോരോരുത്തർക്കും കണ്ണുനീരോടെ മുന്നറിയിപ്പു തന്നുകൊണ്ടിരുന്നത് ഓർക്കുക. “ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവകൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. ഈ വചനം നിങ്ങളെ ആത്മികമായി പണിതുയർത്തി, വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടുംകൂടെ ഓഹരി നൽകാൻ കഴിവുള്ളതാണല്ലോ.