അപ്പോ.പ്രവൃത്തികൾ 17:10-15

അപ്പോ.പ്രവൃത്തികൾ 17:10-15 MCV

രാത്രിയായ ഉടനെ സഹോദരങ്ങൾ പൗലോസിനെയും ശീലാസിനെയും ബെരോവയിലേക്കു യാത്രയാക്കി. അവിടെ എത്തിയശേഷം അവർ യെഹൂദരുടെ പള്ളിയിൽ ചെന്നു. ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു. യെഹൂദരിൽ അനേകരും അതുപോലെതന്നെ ഗ്രീക്കുകാരിൽ പ്രമുഖരായ അനേക വനിതകളും പുരുഷന്മാരും വിശ്വസിച്ചു. പൗലോസ് ബെരോവയിൽ ദൈവവചനം പ്രസംഗിക്കുന്നെന്നു കേട്ട തെസ്സലോനിക്യയിലെ യെഹൂദർ അവിടെയും ചെന്നു ജനക്കൂട്ടത്തെ ഇളക്കി പ്രക്ഷോഭമുണ്ടാക്കി. സഹോദരങ്ങൾ ഉടനെതന്നെ പൗലോസിനെ കടൽത്തീരത്തേക്കയച്ചു; ശീലാസും തിമോത്തിയോസും ബെരോവയിൽത്തന്നെ തുടർന്നു. പൗലോസിന് അകമ്പടിയായി കൂടെപ്പോയവർ അദ്ദേഹത്തെ അഥേനയിൽ എത്തിച്ചു. ശീലാസും തിമോത്തിയോസും കഴിയുന്നത്ര വേഗത്തിൽ തന്റെയടുക്കൽ വന്നുചേരണമെന്ന പൗലോസിന്റെ നിർദേശവും വാങ്ങി അവർ മടങ്ങിപ്പോയി.