അപ്പോ.പ്രവൃത്തികൾ 16:21-40

അപ്പോ.പ്രവൃത്തികൾ 16:21-40 MCV

റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ ആചരിക്കാനോ നിയമം അനുവദിക്കാത്ത സമ്പ്രദായങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇവർ നഗരത്തിൽ കലക്കമുണ്ടാക്കുന്നു” എന്നു പറഞ്ഞു. പൗലോസിനും ശീലാസിനും നേരേയുണ്ടായ അക്രമത്തിൽ പുരുഷാരവും കൂട്ടുചേർന്നു. അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ കോലുകൊണ്ട് അടിക്കാൻ ന്യായാധിപന്മാർ കൽപ്പന നൽകി. അങ്ങനെ അവരെ ചമ്മട്ടികൊണ്ടു നിഷ്ഠുരമായി അടിപ്പിച്ചശേഷം കാരാഗൃഹത്തിലടയ്ക്കുകയും ജയിലധികാരിയോട് അവരെ ഭദ്രമായി സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു. അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു. ജയിലധികാരി ഉണർന്നു; വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട്, തടവുകാർ രക്ഷപ്പെട്ടു എന്നു വിചാരിച്ച് വാൾ ഊരി തന്നെത്താൻ കൊല്ലാൻ ഭാവിച്ചു. അപ്പോൾ പൗലോസ്, “താങ്കൾ ഒരു ദോഷവും ചെയ്യരുത്, ഞങ്ങളെല്ലാവരും ഇവിടെയുണ്ട്” എന്നു വിളിച്ചുപറഞ്ഞു. അയാൾ, വിളക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന് വിറച്ചുകൊണ്ടു പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീണു. അവരെ പുറത്തു കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു. അതിന് അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീ രക്ഷപ്രാപിക്കും—നീമാത്രമല്ല നിന്റെ കുടുംബവും” എന്ന് ഉത്തരം പറഞ്ഞു. പിന്നീട് അവർ അയാളോടും അയാളുടെ കുടുംബത്തിലുള്ള എല്ലാവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു. രാത്രിയുടെ ആ സമയത്തുതന്നെ അയാൾ പൗലോസിനെയും ശീലാസിനെയും കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. എത്രയുംവേഗം അയാളും കുടുംബത്തിലുള്ള എല്ലാവരും സ്നാനമേറ്റു. ജയിലധികാരി അവരെ തന്റെ വീട്ടിൽ കൊണ്ടുചെന്ന് അവർക്കു സദ്യയൊരുക്കി. ദൈവത്തിൽ വിശ്വസിക്കാൻ കഴിഞ്ഞതിൽ, അയാൾ കുടുംബാംഗങ്ങൾ എല്ലാവരോടുംചേർന്ന് ആനന്ദിച്ചു. നേരം പുലർന്നപ്പോൾ, ന്യായാധിപന്മാർ കാരാഗൃഹപ്രമാണിയുടെ അടുത്തേക്ക് സേവകരെ അയച്ചു, “ആ മനുഷ്യരെ വിട്ടയച്ചേക്കുക” എന്നു പറഞ്ഞു. അയാൾ പൗലോസിനോടു പറഞ്ഞു, “താങ്കളെയും ശീലാസിനെയും ജയിൽമോചിതരാക്കാൻ ന്യായാധിപന്മാർ കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കു പോകാൻ അനുവാദം ലഭിച്ചിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ പോകുക.” “റോമൻ പൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ അവർ പരസ്യമായി അടിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, രഹസ്യമായി ഞങ്ങളെ പറഞ്ഞയയ്ക്കുന്നോ? അങ്ങനെയല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ,” എന്നായിരുന്നു പൗലോസ് സേവകരോട് പറഞ്ഞത്. സേവകർ ഈ കാര്യം ന്യായാധിപന്മാരെ അറിയിച്ചു; പൗലോസും ശീലാസും റോമൻ പൗരന്മാരെന്നു കേട്ടിട്ട് അവർ സംഭ്രമിച്ചു. അവർ വന്ന് അവരെ സമാധാനിപ്പിച്ച് കാരാഗൃഹത്തിനു പുറത്തേക്ക് ആനയിച്ചുകൊണ്ട്, നഗരം വിട്ടുപോകണമെന്ന് അവരോടപേക്ഷിച്ചു. കാരാഗൃഹത്തിൽനിന്ന് പുറത്തു വന്ന പൗലോസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെ അവർ സഹോദരങ്ങളെ കണ്ട് അവരെ ധൈര്യപ്പെടുത്തിയശേഷം മുന്നോട്ടു യാത്രയായി.