അപ്പോ.പ്രവൃത്തികൾ 16:16-26

അപ്പോ.പ്രവൃത്തികൾ 16:16-26 MCV

ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു. അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി. തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവരെ ന്യായാധിപന്മാരുടെമുമ്പിൽ കൊണ്ടുവന്ന്, “ഈ മനുഷ്യർ യെഹൂദന്മാരാണ്; റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ ആചരിക്കാനോ നിയമം അനുവദിക്കാത്ത സമ്പ്രദായങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇവർ നഗരത്തിൽ കലക്കമുണ്ടാക്കുന്നു” എന്നു പറഞ്ഞു. പൗലോസിനും ശീലാസിനും നേരേയുണ്ടായ അക്രമത്തിൽ പുരുഷാരവും കൂട്ടുചേർന്നു. അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ കോലുകൊണ്ട് അടിക്കാൻ ന്യായാധിപന്മാർ കൽപ്പന നൽകി. അങ്ങനെ അവരെ ചമ്മട്ടികൊണ്ടു നിഷ്ഠുരമായി അടിപ്പിച്ചശേഷം കാരാഗൃഹത്തിലടയ്ക്കുകയും ജയിലധികാരിയോട് അവരെ ഭദ്രമായി സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു. അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു.