അപ്പോ.പ്രവൃത്തികൾ 15:1-11

അപ്പോ.പ്രവൃത്തികൾ 15:1-11 MCV

യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു. ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു. സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു. അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു. അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി. സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ! ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ. അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു? കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.”