ലുസ്ത്രയിൽ ജന്മനാ മുടന്തനും ഒരിക്കലും നടന്നിട്ടില്ലാത്തവനുമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. പൗലോസ് അയാളെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാനുള്ള വിശ്വാസമുണ്ടെന്നു മനസ്സിലാക്കിയിട്ട്, “എഴുന്നേറ്റു നിന്റെ കാലുറപ്പിച്ചു നിൽക്കുക” എന്ന് ഉച്ചസ്വരത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ ആ മനുഷ്യൻ ചാടിയെഴുന്നേറ്റു നടന്നുതുടങ്ങി. പൗലോസ് ചെയ്തതുകണ്ട ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ ഇടയിൽ ഇറങ്ങിവന്നിരിക്കുന്നു!” എന്നു ലുക്കവോന്യ ഭാഷയിൽ വിളിച്ചുപറഞ്ഞു. ബർന്നബാസിനെ അവർ സീയൂസ് എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു. നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു. അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്. പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു. എങ്കിലും ദൈവം മനുഷ്യർക്കു ചെയ്യുന്ന നന്മകളാൽ തന്നെക്കുറിച്ചുള്ള സാക്ഷ്യം മുദ്രണംചെയ്തിട്ടുണ്ട്: യഥാകാലം ആകാശത്തുനിന്നു മഴപെയ്യിക്കുകയും നിങ്ങൾക്കു വിളവുകൾ നൽകുകയുംചെയ്യുന്നു. അവിടന്ന് നിങ്ങൾക്കു സമൃദ്ധമായി ഭക്ഷണം നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.” ഇത്രയൊക്കെ പറഞ്ഞിട്ടും അവർക്കു യാഗംകഴിക്കുന്നതിൽനിന്ന് ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൗലോസിനും ബർന്നബാസിനും പിന്നെയും പാടുപെടേണ്ടിവന്നു. പിന്നീട് അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ചില യെഹൂദർ വന്ന് ജനക്കൂട്ടത്തെ അവരുടെ വശത്താക്കി. അവർ പൗലോസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അദ്ദേഹത്തെ വലിച്ചിഴച്ച് പട്ടണത്തിനുവെളിയിൽ കളഞ്ഞു. എന്നാൽ ശിഷ്യന്മാർ തനിക്കുചുറ്റും വന്നുകൂടിയപ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്നു; പട്ടണത്തിലേക്കു തിരികെപ്പോയി. അടുത്തദിവസം പൗലോസും ബർന്നബാസും ദെർബയിലേക്കു യാത്രയായി.
അപ്പോ.പ്രവൃത്തികൾ 14 വായിക്കുക
കേൾക്കുക അപ്പോ.പ്രവൃത്തികൾ 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പോ.പ്രവൃത്തികൾ 14:8-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ