അപ്പോ.പ്രവൃത്തികൾ 13:26-41

അപ്പോ.പ്രവൃത്തികൾ 13:26-41 MCV

“അബ്രാഹാമിന്റെ മക്കളായ എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേവസിക്കുന്ന യെഹൂദേതരരായ ദൈവഭക്തരേ, രക്ഷയുടെ ഈ സന്ദേശം ദൈവം അയച്ചിരിക്കുന്നതു നമുക്കുവേണ്ടിയാണ്. ജെറുശലേംനിവാസികളും അവരുടെ ഭരണകർത്താക്കളും യേശുവിനെ തിരിച്ചറിഞ്ഞില്ലെന്നുമാത്രമല്ല, ശബ്ബത്തുതോറും വായിച്ചുപോരുന്ന പ്രവാചകവാക്യങ്ങളെയും തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചതിലൂടെ, ആ വചനങ്ങൾ നിറവേറപ്പെട്ടു. വധശിക്ഷയ്ക്കു മതിയായ അടിസ്ഥാനം ഇല്ലാതിരുന്നിട്ടുകൂടി അദ്ദേഹത്തെ വധിക്കണമെന്ന് അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെപ്പറ്റി എഴുതിയിരുന്നതെല്ലാം നിറവേറ്റപ്പെട്ടതിനുശേഷം അവർ അദ്ദേഹത്തെ ക്രൂശിൽനിന്നിറക്കി ഒരു കല്ലറയിൽ വെച്ചു. എന്നാൽ ദൈവമോ, അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു. യേശുവിനെ ഗലീലയിൽനിന്ന് ജെറുശലേമിലേക്ക് അനുഗമിച്ചവർക്ക് അദ്ദേഹം പലതവണ പ്രത്യക്ഷനായി. അവർ ഇപ്പോൾ നമ്മുടെ ജനത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ സാക്ഷികളാണ്. “ദൈവം നമ്മുടെ പൂർവികർക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു. രണ്ടാംസങ്കീർത്തനത്തിൽ: “ ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു’ എന്നെഴുതിയിരിക്കുന്നല്ലോ. യേശു ഒരിക്കലും ജീർണതയ്ക്കു വിധേയനാകാത്തവിധം ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, “ ‘ദാവീദിനു വാഗ്ദാനംചെയ്ത വിശുദ്ധവും ഉറപ്പുള്ളതുമായ അനുഗ്രഹങ്ങൾ ഞാൻ നിങ്ങൾക്കു നൽകും.’ മറ്റൊരിടത്ത് ഇങ്ങനെയും പ്രതിപാദിക്കുന്നു, “ ‘അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയില്ല.’ “ദാവീദ് തന്റെ തലമുറയിൽ ദൈവോദ്ദേശ്യം നിറവേറ്റിയശേഷം നിദ്രപ്രാപിച്ചു; പിതാക്കന്മാരോടൊപ്പം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം ജീർണിച്ചുപോകുകയും ചെയ്തു. എന്നാൽ ദൈവം, മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ക്രിസ്തുവോ, ജീർണത കണ്ടില്ല. “അതിനാൽ സഹോദരങ്ങളേ, യേശുവിലൂടെ ലഭിക്കുന്ന പാപക്ഷമയാണ് ഞങ്ങൾ നിങ്ങളോട് ഉദ്ഘോഷിച്ചിരിക്കുന്നത്. നിങ്ങൾ അതു വ്യക്തമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മോശയുടെ ന്യായപ്രമാണം ആചരിക്കുന്നതിലൂടെ അസാധ്യമായിരുന്ന പാപനിവാരണമെന്ന നീതീകരണം യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ സാധ്യമാകുന്നു. “പരിഹാസികളേ, നോക്കുക; ആശ്ചര്യപ്പെട്ടു നശിച്ചുപോകുക. നിങ്ങളുടെകാലത്ത് ഞാൻ ഒരു കാര്യംചെയ്യും; ആർ പറഞ്ഞാലും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ,” എന്നിങ്ങനെ പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതു നിങ്ങൾക്കു ഭവിക്കാതിരിക്കാൻ സൂക്ഷിക്കുക.