അപ്പോ.പ്രവൃത്തികൾ 13:1-25

അപ്പോ.പ്രവൃത്തികൾ 13:1-25 MCV

അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നിഗർ എന്നു വിളിക്കപ്പെട്ട ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഭരണാധികാരിയായ ഹെരോദാവിനോടൊപ്പം വളർത്തപ്പെട്ട മനായേൻ, ശൗൽ എന്നിവർ ഉണ്ടായിരുന്നു. അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുമിരിക്കുമ്പോൾ, പരിശുദ്ധാത്മാവ് അവരോട്, “ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്ക്കായി ബർന്നബാസിനെയും ശൗലിനെയും വേർതിരിക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ തുടർന്നും ഉപവസിച്ചു പ്രാർഥിച്ചശേഷം ബർന്നബാസിന്റെയും ശൗലിന്റെയുംമേൽ കൈകൾവെച്ച് അവരെ യാത്രയയച്ചു. പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ അയയ്ക്കപ്പെട്ട ബർന്നബാസും ശൗലും സെലൂക്യയിലെത്തി സൈപ്രസിലേക്കു കപ്പൽകയറി, അവിടെ സലമീസ് എന്ന പട്ടണത്തിൽ എത്തി. അവർ യെഹൂദപ്പള്ളികളിൽ ദൈവവചനം പ്രസംഗിച്ചു. യോഹന്നാൻ അവർക്കു സഹായിയായി ഉണ്ടായിരുന്നു. അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി. അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി. എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു, “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ? ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.” ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു. ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു. പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽകയറി പംഫുല്യയിലെ പെർഗയിൽ എത്തി. യോഹന്നാൻ അവരെ വിട്ട് അവിടെനിന്ന് ജെറുശലേമിലേക്കു മടങ്ങി. അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു. ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു. പൗലോസ് എഴുന്നേറ്റുനിന്ന് ആംഗ്യം കാട്ടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേൽജനമേ, ദൈവഭക്തരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക. ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പൂർവികരെ തെരഞ്ഞെടുത്തു; അവർ ഈജിപ്റ്റിൽ താമസിക്കുന്നകാലത്ത് വളരെ വർധിച്ചു; ദൈവം തന്റെ മഹാശക്തിയാൽ അവരെ ആ ദേശത്തുനിന്നു മോചിപ്പിച്ചു; മരുഭൂമിയിൽവെച്ചുള്ള അവരുടെ പെരുമാറ്റം നാൽപ്പതുവർഷത്തോളം ക്ഷമയോടെ സഹിച്ചു. അവിടന്ന് കനാനിലുണ്ടായിരുന്ന ഏഴു ജനതകളെ പുറത്താക്കി, അവരുടെ ദേശം നമ്മുടെ പൂർവികർക്ക് അവകാശമായി കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റി അൻപതുവർഷം കഴിഞ്ഞു. “അതിനുശേഷം, ശമുവേൽ പ്രവാചകന്റെ കാലംവരെ ഭരണാധിപന്മാരെ കൊടുത്തു. പിന്നെ ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ അവിടന്ന് അവർക്ക് ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ രാജാവായി കൊടുക്കുകയും അദ്ദേഹം നാൽപ്പതുവർഷം ഭരണം നടത്തുകയും ചെയ്തു. ശൗലിനെ നീക്കംചെയ്തിട്ട് ദൈവം ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് അവിടന്ന്, ‘ഞാൻ യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിനിണങ്ങിയ ഒരു മനുഷ്യനായി കണ്ടിരിക്കുന്നു. അവൻ എന്റെ ഹിതമെല്ലാം നിറവേറ്റും’ എന്ന് അരുളിച്ചെയ്തു. “അദ്ദേഹത്തിന്റെ പിൻഗാമികളിൽനിന്ന് ദൈവം തന്റെ വാഗ്ദാനപ്രകാരം യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി. യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനത്തോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ, ‘നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആൾ ഞാനല്ല, ഒരാൾ എന്റെ പിന്നാലെ വരുന്നുണ്ട്. അവിടത്തെ ചെരിപ്പ് അഴിക്കുന്ന അടിമയാകാൻപോലും ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.