അപ്പോ.പ്രവൃത്തികൾ 12:20-25

അപ്പോ.പ്രവൃത്തികൾ 12:20-25 MCV

അയാൾ സോരിലെയും സീദോനിലെയും ജനങ്ങളോടു കുപിതനായിരിക്കുകയായിരുന്നു. എന്നാൽ, ഈ സമയത്ത് അവർ ഒത്തുകൂടി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം അന്വേഷിച്ചു. അവർ ഭക്ഷണസാധനങ്ങൾക്കായി ഹെരോദാരാജാവിന്റെ ദേശത്തെ ആശ്രയിച്ചിരുന്നതുകൊണ്ട് രാജാവിന്റെ വിശ്വസ്തസേവകരിൽ ഒരാളായ ബ്ലസ്തോസിന്റെ സഹായത്തോടെ സന്ധിസംഭാഷണത്തിന് അപേക്ഷിച്ചു. അതിനായി നിശ്ചയിക്കപ്പെട്ടിരുന്ന ദിവസം ഹെരോദാവ് രാജകീയവസ്ത്രങ്ങൾ അണിഞ്ഞ്, സിംഹാസനത്തിൽ ഇരുന്നുകൊണ്ട് പ്രജകളെ അഭിസംബോധനചെയ്ത് സംസാരിച്ചു. “ഇത് മനുഷ്യന്റെ ശബ്ദമല്ല, ഒരു ദേവന്റെ ശബ്ദമാണ്,” ജനം ആർത്തുവിളിച്ചു. ഹെരോദാവ് ദൈവത്തെ മഹത്ത്വപ്പെടുത്താതിരുന്നതുകൊണ്ട് കർത്താവിന്റെ ഒരു ദൂതൻ അയാളെ അപ്പോൾത്തന്നെ അടിച്ചുവീഴ്ത്തി. കൃമികൾ അയാളുടെ ശരീരം കാർന്നുതിന്നു; ഒടുവിൽ അയാൾ മരിച്ചു. എന്നാൽ, ദൈവവചനം പ്രചരിക്കുകയും അനേകർ ഈ വിശ്വാസം അംഗീകരിക്കുകയും ചെയ്തു. ബർന്നബാസും ശൗലും തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയശേഷം മർക്കോസ് എന്നു പേരുള്ള യോഹന്നാനെയുംകൂട്ടി ജെറുശലേമിൽനിന്ന് തിരികെയെത്തി.