അപ്പോ.പ്രവൃത്തികൾ 12:12-19

അപ്പോ.പ്രവൃത്തികൾ 12:12-19 MCV

ഇത് ബോധ്യമായിക്കഴിഞ്ഞപ്പോൾ അദ്ദേഹം യോഹന്നാന്റെ അമ്മയായ മറിയയുടെ വീട്ടിൽച്ചെന്നു—ഈ യോഹന്നാന് മർക്കോസ് എന്നും പേരുണ്ടായിരുന്നു—അവിടെ വളരെപ്പേർ ഒരുമിച്ചുകൂടി പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്രോസ് പുറത്തെ വാതിൽക്കൽ മുട്ടി. അപ്പോൾ രോദാ എന്നു പേരുള്ള ഒരു വേലക്കാരി പെൺകുട്ടി വാതിൽ തുറക്കാൻ വന്നു. പത്രോസിന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ അവൾ ആനന്ദാധിക്യത്താൽ വാതിൽ തുറക്കാതെ തിരികെ ഓടിച്ചെന്ന്, “പത്രോസ് അതാ വാതിൽക്കൽ നിൽക്കുന്നു!” എന്ന് ആശ്ചര്യത്തോടെ പറഞ്ഞു. “നിനക്കു ഭ്രാന്താണ്,” അവർ അവളോടു പറഞ്ഞു. “അല്ല, അദ്ദേഹംതന്നെ,” എന്ന് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. “എങ്കിൽ അത് അദ്ദേഹത്തിന്റെ ദൂതൻ ആയിരിക്കും,” എന്ന് അവർ പറഞ്ഞു. പത്രോസ് വാതിൽക്കൽ പിന്നെയും മുട്ടിക്കൊണ്ടിരുന്നു. കതകു തുറന്നപ്പോൾ അവർ അദ്ദേഹത്തെ കണ്ടു വിസ്മയഭരിതരായി. ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടിക്കൊണ്ട് പത്രോസ് അവരോട്, കർത്താവ് തന്നെ കാരാഗൃഹത്തിൽനിന്ന് പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് വിവരിച്ചുകേൾപ്പിച്ചു. “യാക്കോബിനെയും ശേഷം സഹോദരങ്ങളെയും ഈ കാര്യങ്ങൾ അറിയിക്കണം,” എന്നു പറഞ്ഞിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്കുപോയി. പ്രഭാതമായപ്പോൾ, പത്രോസിന് എന്തു സംഭവിച്ചിരിക്കും എന്നതിനെക്കുറിച്ച് പടയാളികൾക്കിടയിൽ വലിയ പരിഭ്രമമുണ്ടായി. അദ്ദേഹത്തെ കണ്ടുപിടിക്കാൻ സമഗ്രമായ ഒരന്വേഷണം നടത്തിയിട്ടും കാണാഞ്ഞതിനാൽ ഹെരോദാവ് കാവൽക്കാരെ വിസ്തരിച്ച് അവരെ വധിക്കാൻ ഉത്തരവിട്ടു.