അപ്പോ.പ്രവൃത്തികൾ 10:34-48

അപ്പോ.പ്രവൃത്തികൾ 10:34-48 MCV

പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു. എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുവിലൂടെ സമാധാനത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ദൈവം ഇസ്രായേൽമക്കൾക്കു നൽകിയ സന്ദേശം ഇതാണ്: സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗം ആരംഭിച്ചതുമുതൽ, ഗലീലയിൽ തുടങ്ങി യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തു. ദൈവം തന്നോടുകൂടെയിരുന്നതിനാൽ അദ്ദേഹം നന്മചെയ്തും പിശാചിന്റെ ശക്തിക്ക് അധീനരായിരുന്നവരെ സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു. “യെഹൂദരുടെ ദേശത്തെല്ലായിടവും ജെറുശലേമിലും അദ്ദേഹം പ്രവർത്തിച്ച എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അദ്ദേഹം കുരിശിൽത്തറച്ച് കൊല്ലപ്പെടുകയും മൂന്നാംദിവസം മരിച്ചവരിൽനിന്ന് ദൈവം അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചു പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവർക്കുമല്ല, പിന്നെയോ, സാക്ഷികളായിരിക്കാൻ ദൈവം നേരത്തേതന്നെ തെരഞ്ഞെടുത്തിരുന്നവരായ ഞങ്ങൾക്കാണ് അദ്ദേഹത്തെ ദൈവം പ്രത്യക്ഷനാക്കിയത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഭക്ഷണപാനീയങ്ങൾ കഴിച്ചു. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് സാക്ഷ്യപ്പെടുത്തി ജനങ്ങളോടു പ്രസംഗിക്കാൻ അവിടന്നു ഞങ്ങൾക്ക് കൽപ്പന നൽകിയിരിക്കുന്നു. യേശുകർത്താവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ നാമത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” പത്രോസ് ഈ വാക്കുകൾ പ്രസ്താവിക്കുമ്പോൾത്തന്നെ, വചനം ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു. യെഹൂദേതരരുടെമേലും പരിശുദ്ധാത്മാവ് എന്ന ദാനം പകർന്നതിൽ, പത്രോസിനോടൊപ്പം വന്ന യെഹൂദന്മാരായ വിശ്വാസികൾ വിസ്മയഭരിതരായി. കാരണം, യെഹൂദേതരരും വിവിധ ഭാഷകളിൽ സംസാരിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് അവർ കേട്ടു. അപ്പോൾ പത്രോസ്, “നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ചിരിക്കുന്ന ഇവർക്ക് ജലസ്നാനം വിലക്കാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. തുടർന്ന് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കാൻ അദ്ദേഹം കൽപ്പിച്ചു. തങ്ങളോടൊപ്പം ഏതാനും ദിവസം താമസിക്കണമെന്ന് അവിടെയുള്ളവർ പത്രോസിനോട് അപേക്ഷിച്ചു.