2 ശമുവേൽ 7:18-29

2 ശമുവേൽ 7:18-29 MCV

അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു: “കർത്താവായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ? അത്രയുമല്ല, കർത്താവായ യഹോവേ, അവിടത്തെ ഈ ദാസന്റെ ഭവനത്തിന്റെ ഭാവിയെപ്പറ്റിയും അവിടന്ന് അരുളിച്ചെയ്തല്ലോ! കർത്താവായ യഹോവേ, കേവല മർത്യനോടുള്ള അവിടത്തെ പ്രവൃത്തി എത്ര മഹത്തായത്! “കർത്താവായ യഹോവേ, ഈ ദാസനെ അവിടന്ന് അറിയുന്നല്ലോ! ദാവീദ് ഇനി കൂടുതലായി എന്തു പറയേണ്ടൂ? അവിടത്തെ വാഗ്ദാനപ്രകാരവും തിരുഹിതം അനുസരിച്ചും ഈ മഹാകാര്യങ്ങൾ അവിടന്നു ചെയ്തിരിക്കുന്നു; അത് അടിയനെ അറിയിച്ചുമിരിക്കുന്നു. “കർത്താവായ യഹോവേ, അവിടന്ന് മഹോന്നതനാകുന്നു. ഞങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതുപോലെ അവിടത്തേക്ക് സദൃശനായി ആരുമില്ല; അവിടന്നല്ലാതെ മറ്റു ദൈവവുമില്ല. അവിടത്തെ സ്വന്തം ജനമാക്കിത്തീർക്കുന്നതിനും അങ്ങയുടെ നാമം പ്രസിദ്ധമാകുന്നതിനുമായി ദൈവമേ, അങ്ങുതന്നെ നേരിട്ടുചെന്ന് വീണ്ടെടുത്ത ഭൂമിയിലെ ഏകജനതയായ അവിടത്തെ ജനമായ ഇസ്രായേലിനു തുല്യരായി ഭൂമിയിൽ മറ്റ് ഏതു ജനതയാണുള്ളത്? അങ്ങ് ഈജിപ്റ്റിൽനിന്നു വീണ്ടെടുത്ത അങ്ങയുടെ ജനത്തിന്റെ മുമ്പിൽനിന്ന് മഹത്തും ഭീതിജനകവുമായ അത്ഭുതങ്ങൾ പ്രവർത്തിച്ച് ഇതരജനതകളെയും അവരുടെ ദേവന്മാരെയും ഓടിച്ചുകളഞ്ഞുവല്ലോ. അവിടത്തെ ജനമായ ഇസ്രായേലിനെ അവിടന്ന് എന്നേക്കും സ്വന്തജനമായി സ്ഥിരപ്പെടുത്തിയിരിക്കുന്നു; യഹോവേ, അവിടന്ന് അവർക്കു ദൈവമായും തീർന്നിരിക്കുന്നു. “ഇപ്പോൾ ദൈവമായ യഹോവേ, അവിടത്തെ ഈ ദാസനെയും അവന്റെ ഗൃഹത്തെയുംപറ്റി അവിടന്ന് നൽകിയിരിക്കുന്ന വാഗ്ദാനം പാലിക്കണമേ! അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നതു നിറവേറ്റണമേ! അവിടത്തെ നാമം എന്നേക്കും മഹത്ത്വപ്പെടട്ടെ; അങ്ങനെ സൈന്യങ്ങളുടെ യഹോവ ആകുന്നു ഇസ്രായേലിന്റെ ദൈവമെന്ന് മനുഷ്യർ പ്രകീർത്തിക്കട്ടെ!” അങ്ങയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങയുടെമുമ്പാകെ സുസ്ഥിരമാകട്ടെ. “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അവിടത്തെ ദാസനായ അടിയന് ഇക്കാര്യം വെളിപ്പെടുത്തിത്തരികയും ‘ഞാൻ നിനക്കായി ഒരു ഭവനം പണിയും,’ എന്ന് അരുളിച്ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ! അതിനാൽ അവിടത്തെ ഈ ദാസൻ ഈ പ്രാർഥന അർപ്പിക്കാൻ ധൈര്യപ്പെടുന്നു. കർത്താവായ യഹോവേ, അങ്ങുതന്നെ ദൈവം! അവിടത്തെ വാക്കുകൾ വിശ്വസനീയമായവയാണ്! അവിടത്തെ ദാസനായ അടിയനുവേണ്ടി ഈ നന്മകൾ അവിടന്നു വാഗ്ദാനംചെയ്തിരിക്കുന്നു. അവിടത്തെ ദാസനായ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും നിലനിൽക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളം പ്രസാദിക്കണമേ! കർത്താവായ യഹോവേ, അവിടന്ന് അരുളിച്ചെയ്തിരിക്കുന്നു; അവിടത്തെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗൃഹീതമായിരിക്കും.”