യഹോവയുടെ കോപം വീണ്ടും ഇസ്രായേലിനെതിരേ ജ്വലിച്ചു, “നീ പോയി ഇസ്രായേലിന്റെയും യെഹൂദയുടെയും ജനസംഖ്യയെടുക്കുക” എന്നിങ്ങനെ ഇസ്രായേലിന്നെതിരായി ദാവീദിനു തോന്നിച്ചു. അങ്ങനെ രാജാവ് യോവാബിനോടും അദ്ദേഹത്തോടുകൂടെയുള്ള സൈന്യാധിപന്മാരോടും കൽപ്പിച്ചു: “ദാൻമുതൽ ബേർ-ശേബാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും നിങ്ങൾ കടന്നുചെല്ലുക; യോദ്ധാക്കൾ എത്രമാത്രമുണ്ടെന്ന് എനിക്ക് അറിയേണ്ടതിന് അവരുടെ കണക്കെടുക്കുക.” എന്നാൽ യോവാബ് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അതു കാണുകയും ചെയ്യട്ടെ! എന്നാൽ ഈ വിധം ഒരു കാര്യം എന്റെ യജമാനനായ രാജാവു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്?” എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബും സൈന്യാധിപന്മാരും നിസ്സഹായരായിരുന്നു. അതിനാൽ ഇസ്രായേലിലെ യോദ്ധാക്കളുടെ സംഖ്യ എടുക്കുന്നതിനായി അവർ രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. അവർ യോർദാൻ കടന്ന് മലയിടുക്കിനു തെക്കുള്ള പട്ടണമായ അരോയേരിനു സമീപത്ത് താവളമടിച്ചു. പിന്നെ ഗാദിലൂടെയും യാസേരിലൂടെയും കടന്നുപോയി. അവർ ഗിലെയാദിലേക്കും തഹ്തീം-ഹോദ്ശീ പ്രദേശങ്ങളിലേക്കും ദാൻ-യാനിലേക്കും സീദോനിലേക്കുള്ള വഴിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചെന്നു. പിന്നെ അവർ സോർ കോട്ടയിലും ഹിവ്യരുടെയും കനാന്യരുടെയും സകലനഗരങ്ങളിലും പോയി. അവസാനം അവർ യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലും ചെന്നു. ദേശത്ത് എല്ലായിടത്തും സഞ്ചരിച്ച് ഒൻപതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് അവർ ജെറുശലേമിൽ തിരിച്ചെത്തി. യോദ്ധാക്കളുടെ സംഖ്യ യോവാബ് രാജാവിനെ അറിയിച്ചു: സൈനികസേവനത്തിനു കായശേഷിയുള്ളവരും വാളേന്താൻ പ്രാപ്തരും ആയി ഇസ്രായേലിൽ എട്ടുലക്ഷം പേരും യെഹൂദായിൽ അഞ്ചുലക്ഷം പേരും ഉണ്ടായിരുന്നു.
2 ശമുവേൽ 24 വായിക്കുക
കേൾക്കുക 2 ശമുവേൽ 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമുവേൽ 24:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ