2 ശമുവേൽ 17:1-14

2 ശമുവേൽ 17:1-14 MCV

അതിനുശേഷം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ പന്തീരായിരം പടയാളികളെ തെരഞ്ഞെടുത്ത് അവരുമായി ഇന്നുരാത്രിതന്നെ ദാവീദിനെ പിൻതുടർന്ന് പുറപ്പെടാം. അദ്ദേഹം ക്ഷീണിതനും ബലഹീനനുമായിരിക്കുന്ന തക്കത്തിന് ഞാൻ അവരെ ആക്രമിച്ച് ഭയപ്പെടുത്തും. അപ്പോൾ കൂടെയുള്ളവർ ഓടിപ്പോകും. ഞാൻ രാജാവിനെമാത്രം വെട്ടിക്കളയും, അങ്ങനെ ജനത്തെ മുഴുവൻ ഞാൻ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യാം. അങ്ങ് തെരയുന്ന മനുഷ്യന്റെ മരണം, എല്ലാവരും ഹാനിയൊന്നുംകൂടാതെ തിരിച്ചുവരാൻ കാരണമാകുമല്ലോ.” ഈ ഉപദേശം അബ്ശാലോമിനും സകല ഇസ്രായേൽ ഗോത്രത്തലവന്മാർക്കും ബോധിച്ചു. “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവൻ എന്തുപറയുന്നു എന്നു നമുക്കു കേൾക്കാമല്ലോ,” എന്ന് അബ്ശാലോം പറഞ്ഞു. ഹൂശായി വന്നെത്തിയപ്പോൾ അബ്ശാലോം അയാളോടു പറഞ്ഞു: “അഹീഥോഫെൽ ഈ വിധം ഉപദേശിക്കുന്നു; അയാൾ പറഞ്ഞതുപോലെയല്ലേ നാം ചെയ്യേണ്ടത്? അതല്ലെങ്കിൽ താങ്കളുടെ ഉപദേശം എന്താണ്?” ഹൂശായി അബ്ശാലോമിനോടു മറുപടി പറഞ്ഞു: “അഹീഥോഫെൽ നൽകിയിരിക്കുന്ന ഉപദേശം ഈ അവസരത്തിനു പറ്റിയതല്ല. അങ്ങയുടെ പിതാവിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അങ്ങേക്ക് അറിയാമല്ലോ! അവർ യോദ്ധാക്കളാണ്; കുട്ടികൾ അപഹരിക്കപ്പെട്ട കാട്ടുകരടിയെപ്പോലെ അവർ അതിഭീഷണരുമാണ്. അതും കൂടാതെ, അങ്ങയുടെ പിതാവ് ഒരു യുദ്ധവിദഗ്ദ്ധനാണ്; അദ്ദേഹം പടയാളികളോടൊപ്പം രാത്രി കഴിക്കുകയില്ല. ഇപ്പോൾത്തന്നെ അദ്ദേഹം ഒരു ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയാകും. ഒരുപക്ഷേ, ആദ്യത്തെ അക്രമത്തിൽത്തന്നെ അദ്ദേഹം ഇവരുടെമേൽ ചാടിവീണാൽ കേൾക്കുന്നവരെല്ലാം, ‘അബ്ശാലോമിനെ അനുഗമിച്ച പടയാളികളിൽ ഒരുകൂട്ടക്കൊല നടന്നിരിക്കുന്നു’ എന്നു പറയും. അപ്പോൾ സിംഹത്തെപ്പോലെ ഹൃദയമുള്ള ധീരരായ ഭടന്മാർപോലും ഭയത്താൽ ഉരുകിപ്പോകും; കാരണം, അങ്ങയുടെ പിതാവ് ഒരു വീരനും അദ്ദേഹത്തോടുകൂടെയുള്ളവർ ശൂരന്മാരുമാണെന്ന് എല്ലാ ഇസ്രായേലിനും അറിയാമല്ലോ. “അതിനാൽ എന്റെ ഉപദേശം ഇതാണ്: ദാൻമുതൽ ബേർ-ശേബാവരെയുള്ള—കടൽക്കരയിലെ മണൽപോലെ അസംഖ്യമായുള്ള—ഇസ്രായേലെല്ലാം അങ്ങയുടെ അടുത്തു കൂടിവരട്ടെ! അങ്ങുതന്നെ അവരെ യുദ്ധത്തിനു നയിക്കണം. അപ്പോൾ ദാവീദിനെ എവിടെവെച്ച് കണ്ടാലും, മഞ്ഞു ഭൂമിയിൽ പൊഴിക്കുന്നതുപോലെ, നമുക്ക് അദ്ദേഹത്തിന്റെമേൽ ചെന്നുവീഴാം. അദ്ദേഹമോ അദ്ദേഹത്തിന്റെ കൂടെയുള്ള ആരെങ്കിലുമോ ജീവനോടെ ശേഷിക്കുകയുമില്ല. ഇനിയും, ഒരുപക്ഷേ, അവർ ഏതെങ്കിലും നഗരത്തിലേക്കു പിൻവാങ്ങുകയാണെങ്കിൽ സകല ഇസ്രായേലുംചേർന്ന് ആ നഗരത്തെ കയറുകെട്ടിവലിച്ച് അതിന്റെ ഒരു ചെറുകഷണംപോലും കാണാതാകുന്നതുവരെ അതിനെ നദിയിൽ വലിച്ചിട്ടു കളയാം.” “അഹീഥോഫെലിന്റെ ഉപദേശത്തെക്കാൾ അർഖ്യനായ ഹൂശായിയുടെ ഉപദേശം കൊള്ളാം,” എന്ന് അബ്ശാലോമും സകല ഇസ്രായേലും പറഞ്ഞു. അഹീഥോഫെലിന്റെ നല്ല ആലോചന നിഷ്ഫലമാക്കാനും അങ്ങനെ അബ്ശാലോമിനു സർവനാശം വരുത്താനും യഹോവ നിർണയിച്ചിരുന്നു.