2 ശമുവേൽ 12:15-25

2 ശമുവേൽ 12:15-25 MCV

നാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു; അവൻ കഠിനരോഗിയായിത്തീർന്നു. ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് യാചിച്ചു. അദ്ദേഹം ഉപവസിച്ചു; മുറിയിൽക്കടന്ന് തറയിൽ ചാക്കുശീലയിൽ കിടന്ന് രാത്രികൾ കഴിച്ചു. അദ്ദേഹത്തിന്റെ ഗൃഹപ്രമാണിമാർ അദ്ദേഹത്തെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അരികെത്തന്നെ നിന്നു. എന്നാൽ ദാവീദ് അതു കൂട്ടാക്കിയില്ല; അവരോടൊത്ത് യാതൊരു ഭക്ഷണവും കഴിച്ചില്ല. ഏഴാംദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദിനോടു പറയാൻ അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഭയപ്പെട്ടു. “കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ നാം അദ്ദേഹത്തോടു സംസാരിച്ചു; പക്ഷേ, അദ്ദേഹം അതു ചെവിക്കൊണ്ടില്ല. പിന്നെ കുഞ്ഞു മരിച്ചുപോയി എന്നു നാം എങ്ങനെ അദ്ദേഹത്തോടു പറയും! നിരാശനായി അദ്ദേഹം വല്ല സാഹസവും പ്രവർത്തിച്ചേക്കാം!” അവർ ഇപ്രകാരം ചിന്തിച്ചു. തന്റെ ഭൃത്യന്മാർ പരസ്പരം രഹസ്യമായി സംസാരിക്കുന്നതു ദാവീദ് കണ്ടു. കുഞ്ഞു മരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. “കുഞ്ഞു മരിച്ചുപോയോ?” അദ്ദേഹം ചോദിച്ചു. “അതേ! കുഞ്ഞു മരിച്ചുപോയി,” അവർ മറുപടി പറഞ്ഞു. അപ്പോൾ ദാവീദ് നിലത്തുനിന്നും എഴുന്നേറ്റു. അദ്ദേഹം കുളിച്ച് തൈലം പൂശി; വസ്ത്രംമാറി യഹോവയുടെ ആലയത്തിൽ ചെന്ന് ആരാധിച്ചു; പിന്നെ കൊട്ടാരത്തിൽ മടങ്ങിയെത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഭൃത്യന്മാർ ഭക്ഷണം ഒരുക്കിവെച്ചു; അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു. ഭൃത്യന്മാർ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ഈ വിധം പെരുമാറുന്നതെന്ത്? കുഞ്ഞ് ജീവനോടിരുന്നപ്പോൾ അങ്ങ് ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കുഞ്ഞ് മരിച്ചുകഴിഞ്ഞപ്പോൾ അങ്ങ് എഴുന്നേൽക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു!” അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു. എന്നാൽ ഇപ്പോൾ അവൻ മരിച്ചു. ഇനി ഞാനെന്തിന് ഉപവസിച്ചുകൊണ്ടിരിക്കണം! അവനെ തിരികെ വരുത്താൻ എനിക്കു കഴിയുമോ? ഇനി ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ അവൻ എന്റെ അടുത്തേക്കു വരികയില്ലല്ലോ.” അതിനുശേഷം ദാവീദ് തന്റെ ഭാര്യയായ ബേത്ത്-ശേബയെ ആശ്വസിപ്പിച്ചു. അദ്ദേഹം അവളെ അറിഞ്ഞു; അവൾ ഒരു മകനെ പ്രസവിച്ചു. അവർ ആ കുട്ടിക്കു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. യഹോവ അവനെ സ്നേഹിക്കുകയാൽ അവന് യെദീദെയാഹ് എന്നു പേരിടുന്നതിന്, നാഥാൻ പ്രവാചകൻ മുഖാന്തരം യഹോവ കൽപ്പനകൊടുത്തു.