2 ശമുവേൽ 12:1-14

2 ശമുവേൽ 12:1-14 MCV

യഹോവ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ അടുത്തെത്തി നാഥാൻ പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ട് ആളുകൾ ഉണ്ടായിരുന്നു, ഒരുവൻ ധനികൻ; മറ്റവൻ ദരിദ്രൻ. ധനവാന് ആടുമാടുകൾ അസംഖ്യം ഉണ്ടായിരുന്നു. ദരിദ്രന് ആകട്ടെ, അവൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അയാൾ അതിനെ വളർത്തി. അയാളോടും അയാളുടെ കുട്ടികളോടും ഒപ്പം അതു വളർന്നുവന്നു. അയാളുടെ ഭക്ഷണത്തിന്റെ പങ്ക് അതു തിന്നു, അയാളുടെ പാനപാത്രത്തിൽനിന്നും അതു കുടിച്ചു; അയാളുടെ കൈത്തണ്ടിൽ അത് ഉറങ്ങുകപോലും ചെയ്തു. അത് അയാൾക്കൊരു മകളെപ്പോലെയായിരുന്നു. “അങ്ങനെയിരിക്കെ, ധനവാന്റെ വീട്ടിൽ ഒരു വഴിയാത്രക്കാരൻ വന്നു. തന്റെ സ്വന്തം ആടുകളിലോ മാടുകളിലോ ഒന്നിനെ പിടിച്ച് തന്റെ വീട്ടിൽവന്ന അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കാൻ അയാൾക്കു മനസ്സില്ലായിരുന്നു. പകരം, അയാൾ ആ ദരിദ്രന്റെ പെൺചെമ്മരിയാട്ടിൻകുട്ടിയെ പിടിച്ച് അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കി.” അപ്പോഴേക്കും ആ ധനികനോടുള്ള കോപംകൊണ്ടു ദാവീദ് ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “യഹോവയാണെ, തീർച്ച, ഇതു ചെയ്ത ആ മനുഷ്യൻ മരണശിക്ഷ അർഹിക്കുന്നു! അയാൾ ഒരു ദയയുമില്ലാതെ ഈ വിധം ചെയ്തതുകൊണ്ട് ആ ആട്ടിൻകുട്ടിക്കുവേണ്ടി നാലിരട്ടി പകരം നൽകണം.” അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു. നിന്റെ യജമാനന്റെ ഭവനം ഞാൻ നിനക്കു തന്നു; നിന്റെ യജമാനന്റെ ഭാര്യമാരെയും നിന്റെ മാറിടത്തിൽ തന്നു. ഇസ്രായേൽ ഭവനത്തെയും യെഹൂദാ ഭവനത്തെയും ഞാൻ നിനക്കു നൽകി. ഇതെല്ലാം നന്നേ കുറവെങ്കിൽ ഞാൻ നിനക്ക് ഇനിയും അധികം നൽകുമായിരുന്നു. നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് അവിടത്തെ കൽപ്പനകളെ തിരസ്കരിച്ചതെന്തിന്? ഹിത്യനായ ഊരിയാവിനെ നീ വാളാൽ വീഴ്ത്തിയിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കി. അമ്മോന്യരുടെ വാൾകൊണ്ട് നീ അവനെ കൊന്നു. അതിനാൽ വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയുകയില്ല, കാരണം, നീ എന്നെ നിന്ദിച്ച് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കി.’ “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തം ഗൃഹത്തിൽനിന്നുതന്നെ ഞാൻ നിനക്കു നാശം വരുത്താൻപോകുന്നു. നിന്റെ കണ്മുമ്പിൽവെച്ചുതന്നെ ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ സ്നേഹിതനു കൊടുക്കും. പകൽവെളിച്ചത്തിൽ അവൻ നിന്റെ ഭാര്യമാരോടുകൂടെ കിടക്കപങ്കിടും. നീ അതു രഹസ്യത്തിൽ ചെയ്തു; എന്നാൽ ഞാനത് ഇസ്രായേലെല്ലാം കാൺകെ പകൽവെളിച്ചത്തിൽ ചെയ്യും.’ ” അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു. നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.”