2 പത്രോസ് 2:1-10

2 പത്രോസ് 2:1-10 MCV

എന്നാൽ വ്യാജപ്രവാചകരും ജനമധ്യത്തിൽ ഉണ്ടായിരുന്നു. അതുപോലെതന്നെ നിങ്ങളുടെ മധ്യത്തിലും വ്യാജഗുരുക്കൾ ഉണ്ടാകും. അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങൾ അവതരിപ്പിക്കും; അവരെ വിലയ്ക്കു വാങ്ങിയ പരമനാഥനെ നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അവർ തങ്ങളുടെമേൽ അതിവേഗം നാശം വരുത്തിവെക്കും. അവരുടെ ഈ ദുഷ്‌പ്രവണതയെ പലരും പിൻതുടരും; അവർ സത്യമാർഗത്തിന് അപമാനം വരുത്തും. അവർ അതിമോഹത്തോടെ സ്വയംമെനഞ്ഞെടുത്ത ഉപദേശങ്ങളാൽ നിങ്ങളെ ചൂഷണം ചെയ്യും. മുമ്പേതന്നെ നിശ്ചയിക്കപ്പെട്ട ശിക്ഷാവിധി അവരുടെമേൽ നിപതിക്കും, അതിന് കാലതാമസവും ഉണ്ടാകുകയില്ല. പാപംചെയ്തപ്പോൾ ദൂതന്മാരെപ്പോലും ദൈവം ഒഴിവാക്കാതെ അവരെ അന്ധകാരത്തിന്റെ ചങ്ങലയാൽ ബന്ധിച്ച്, ന്യായവിധിക്കായി തടവറയിൽ സൂക്ഷിച്ചിരിക്കുന്നു. അവിടന്ന് പൗരാണിക ലോകത്തെയും ഒഴിവാക്കിയില്ല. അഭക്തരുടെ ലോകത്തെ പ്രളയത്തിലാഴ്ത്തിയപ്പോൾ ദൈവനീതിയുടെ പ്രഭാഷകനായ നോഹയടക്കം എട്ടുപേരെമാത്രമാണ് സംരക്ഷിച്ചത്. ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെ ശിക്ഷിച്ച് ഭസ്മീകരിച്ച് ഉന്മൂലനാശംവരുത്തി; ഇവർ അഭക്തർക്കു ഭവിക്കാനിരിക്കുന്നവെക്ക് ഒരു നിദർശനമാണ്. എന്നാൽ, നിയമനിഷേധികളുടെ അതിരുവിട്ട അധാർമികതകൾമൂലം ഹൃദയവ്യഥ അനുഭവിച്ച നീതിനിഷ്ഠനായ ലോത്തിനെ ദൈവം സംരക്ഷിച്ചു. നീതിനിഷ്ഠനായ അദ്ദേഹം അവരുടെ ഇടയിൽ വസിച്ചപ്പോൾ അവരുടെ അധാർമികപ്രവൃത്തികൾ അനുദിനം കാണുകയും കേൾക്കുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ നീതിനിഷ്ഠമായ മനസ്സിനെ അതിവ്യഥയാൽ തകർത്തു. പരിശോധനകളിൽനിന്ന് ദൈവഭക്തരെ എങ്ങനെ പരിരക്ഷിക്കണമെന്നും ശിക്ഷാവിധേയരായ അഭക്തരെ വിധിദിനംവരെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും കർത്താവിനറിയാം; പ്രത്യേകിച്ച്, കാമാസക്തിയാൽ വശീകരിക്കപ്പെട്ട് ശരീരത്തെ മലീമസമാക്കുന്നവരെയും ദൈവിക അധികാരത്തെ തിരസ്കരിക്കുന്നവരെയും. തന്റേടികളും തന്നിഷ്ടക്കാരുമായ ഇവർ സ്വർഗീയജീവികളെപ്പോലും അധിക്ഷേപിക്കുന്നതിനു ഭയം ലവലേശമില്ലാത്തവരുമാണ്.