2 രാജാക്കന്മാർ 6:18-23

2 രാജാക്കന്മാർ 6:18-23 MCV

ശത്രുക്കൾ എലീശയുടെ അടുത്തേക്കുവന്നപ്പോൾ, “യഹോവേ, ഈ സൈന്യത്തെ അന്ധരാക്കണമേ” എന്ന് എലീശാ പ്രാർഥിച്ചു. എലീശാ പ്രാർഥിച്ചതുപോലെ യഹോവ അവരെയെല്ലാം അന്ധരാക്കി. എലീശാ അവരോട്: “വഴി ഇതല്ല, നഗരവും ഇതല്ല, എന്റെകൂടെ വരിക. നിങ്ങൾ തെരയുന്ന മനുഷ്യന്റെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്നു പറഞ്ഞു. അദ്ദേഹം അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവർ നഗരത്തിലെത്തിയപ്പോൾ “യഹോവേ, ഇവർ കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ അവരുടെ കണ്ണുതുറന്നു. തങ്ങൾ ശമര്യയുടെ നടുവിലാണെന്ന് അവർ കണ്ടു. ഇസ്രായേൽരാജാവ് അവരെ കണ്ടപ്പോൾ “എന്റെ പിതാവേ! ഞാൻ ഇവരെ വെട്ടിക്കളയട്ടെ? ഇവരെ വെട്ടിക്കളയട്ടെ?” എന്നു എലീശയോടു ചോദിച്ചു. “അവരെ കൊല്ലരുത്. നിന്റെ സ്വന്തവാളും വില്ലുംകൊണ്ട് കീഴ്പ്പെടുത്തിയ ആളുകളെ നീ കൊല്ലുമോ? അവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകുന്നതിന് അവർക്ക് അപ്പവും വെള്ളവും കൊടുക്കുക,” എന്ന് എലീശാ പറഞ്ഞു. അങ്ങനെ അദ്ദേഹം അവർക്കുവേണ്ടി വലിയൊരു വിരുന്നൊരുക്കി. അവർ തിന്നുകുടിച്ചു തൃപ്തരായശേഷം അദ്ദേഹം അവരെ യാത്രയാക്കി. അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ മടങ്ങിപ്പോയി. അങ്ങനെ അരാമിൽനിന്നുള്ള സൈന്യസമൂഹം അതിൽപ്പിന്നെ ഇസ്രായേൽദേശത്തേക്കു വരാതായി.