2 രാജാക്കന്മാർ 6:1-17

2 രാജാക്കന്മാർ 6:1-17 MCV

പ്രവാചകശിഷ്യന്മാർ എലീശയോട്: “നമ്മൾ ഒരുമിച്ചുകൂടുന്ന ഈ സ്ഥലം വളരെ ഇടുങ്ങിയതാണ്. ഞങ്ങൾ യോർദാനിലേക്കു ചെന്ന് ഓരോരുത്തനും ഓരോ മരം വെട്ടിക്കൊണ്ടുവന്ന് നമ്മൾക്ക് ഒരുമിച്ചുകൂടുന്നതിന് ഒരിടം ഉണ്ടാക്കാം” എന്നു പറഞ്ഞു. “പൊയ്ക്കൊള്ളൂ,” പ്രവാചകൻ അനുവാദം നൽകി. “ദയചെയ്ത് അടിയങ്ങളോടുകൂടെ അങ്ങും പോരുമോ!” അവരിൽ ഒരുവൻ ചോദിച്ചു. “പോരാം,” എന്ന് എലീശാ മറുപടികൊടുത്തു. അങ്ങനെ അദ്ദേഹം അവരോടൊപ്പംപോയി. അവർ യോർദാൻ നദിക്കരികിൽ ചെന്ന് മരം വെട്ടാൻ തുടങ്ങി. അവരിൽ ഒരുവൻ മരം വെട്ടിക്കൊണ്ടിരിക്കെ, കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ! യജമാനനേ, ഞാനതു വായ്പ വാങ്ങിയതായിരുന്നു!” എന്ന് അയാൾ നിലവിളിച്ചു. “അത് എവിടെയാണു വീണത്?” ദൈവപുരുഷൻ ചോദിച്ചു. അയാൾ അദ്ദേഹത്തെ ആ സ്ഥലം കാണിച്ചുകൊടുത്തപ്പോൾ എലീശാ ഒരു കമ്പുവെട്ടി അവിടേക്കെറിഞ്ഞു; കോടാലി പൊന്തിവന്നു. “അതെടുത്തുകൊള്ളൂ,” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. ആ മനുഷ്യൻ കൈനീട്ടി അതെടുത്തു. ഒരിക്കൽ അരാംരാജാവും ഇസ്രായേലുമായി യുദ്ധം ഉണ്ടായി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ചശേഷം, “ഞാൻ ഇന്നയിന്ന സ്ഥലങ്ങളിൽ കൂടാരമടിക്കും” എന്നു തീരുമാനിച്ചു. എന്നാൽ ദൈവപുരുഷൻ ഇസ്രായേൽരാജാവിനോട്: “ആ സ്ഥലത്തുകൂടി കടന്നുപോകാതെ സൂക്ഷിക്കുക; അരാമ്യർ അവിടേക്കു ഇറങ്ങിവരുന്നുണ്ട്” എന്നു പറഞ്ഞയച്ചു. അതിനാൽ ഇസ്രായേൽരാജാവ്, ദൈവപുരുഷൻ സൂചിപ്പിച്ച സ്ഥലത്തു കടക്കാതെ സൂക്ഷിച്ചു. വീണ്ടും പലതവണ എലീശാ രാജാവിന് ഈ വിധം മുന്നറിയിപ്പു കൊടുത്തു. അതിനാൽ അദ്ദേഹം അവിടങ്ങളിലെല്ലാം സുരക്ഷിതനായിരുന്നു. ഇത് അരാംരാജാവിനെ കോപാകുലനാക്കി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥരെയെല്ലാം വിളിച്ചുകൂട്ടി അവരോട്: “നമ്മിൽ ആരാണ് ഇസ്രായേൽരാജാവിന്റെ പക്ഷക്കാരനെന്ന് നിങ്ങൾ പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു. “യജമാനനായ രാജാവേ! നമ്മിൽ ആരുമല്ല. ഇസ്രായേലിലെ പ്രവാചകനായ എലീശയാണ്. അങ്ങ് ശയനഗൃഹത്തിൽ ഉച്ചരിക്കുന്ന വാക്കുകൾ ഇസ്രായേൽരാജാവിനെ അറിയിക്കുന്നത്,” എന്ന് അവരിലൊരാൾ പറഞ്ഞു. “പോയി, അയാളെവിടെയെന്നു കണ്ടുപിടിക്കുക; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും,” എന്നു രാജാവു കൽപ്പിച്ചു. “അദ്ദേഹം ദോഥാനിലുണ്ട്,” എന്ന് രാജാവിനു വിവരംകിട്ടി. ഉടനെ അയാൾ കുതിരകളെയും രഥങ്ങളെയും വലിയൊരുകൂട്ടം സൈന്യത്തെയും അങ്ങോട്ടയച്ചു. അവർ രാത്രിയിൽച്ചെന്ന് ആ പട്ടണം വളഞ്ഞു. പിറ്റേന്നു പ്രഭാതത്തിൽ ദൈവപുരുഷന്റെ ഭൃത്യൻ ഉണർന്നു വെളിയിൽ വന്നപ്പോൾ കുതിരകളും രഥങ്ങളുമായി ഒരു സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതായിക്കണ്ടു. “അയ്യോ! യജമാനനേ! നാം എന്തുചെയ്യും?” എന്ന് അയാൾ നിലവിളിച്ചു. “ഭയപ്പെടേണ്ട; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികമാണ്,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു. “യഹോവേ, ഇവൻ കാണുന്നതിനായി ഇവന്റെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ ആ ഭൃത്യന്റെ കണ്ണുതുറന്നു. ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതായി അയാൾ കണ്ടു.