ആഹാബിന്റെ മകനായ യോരാം, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷത്തിൽ ശമര്യയിൽ ഇസ്രായേലിന്റെ രാജാവായി അധികാരമേറ്റു; അദ്ദേഹം പന്ത്രണ്ടുവർഷം ഇസ്രായേലിൽ ഭരണംനടത്തി. യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളത് അദ്ദേഹം പ്രവർത്തിച്ചു; എങ്കിലും, തന്റെ മാതാപിതാക്കളെപ്പോലെ ആയിരുന്നില്ല. തന്റെ പിതാവു നിർമിച്ച ബാലിന്റെ ആചാരസ്തൂപം അദ്ദേഹം തകർത്തുകളഞ്ഞു. എന്നിരുന്നാലും, നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ച പാപങ്ങളെ അദ്ദേഹം അനുകരിച്ചു; അവയിൽനിന്ന് പിന്തിരിഞ്ഞതുമില്ല. മോവാബ് രാജാവായ മേശെ ആടുകളെ വളർത്തിയിരുന്നു. അദ്ദേഹം ഇസ്രായേൽരാജാവിന് ഒരുലക്ഷം ആട്ടിൻകുട്ടികളെയും ഒരുലക്ഷം ആട്ടുകൊറ്റന്മാരുടെ രോമവും കപ്പമായി നൽകണമായിരുന്നു. എന്നാൽ, ആഹാബിന്റെ നിര്യാണശേഷം മോവാബ് രാജാവ് ഇസ്രായേൽരാജാവായ യെഹോരാമിനെതിരേ മത്സരിച്ചു. ആ സമയം യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് ഇസ്രായേൽസൈന്യത്തെ മുഴുവനും ശേഖരിച്ച് മോവാബ്യർക്കെതിരേ അണിനിരത്തി. അദ്ദേഹം, യെഹൂദാരാജാവായ യെഹോശാഫാത്തിന് ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “മോവാബ് രാജാവ് എനിക്കെതിരേ മത്സരിച്ചിരിക്കുന്നു; മോവാബിനോടു യുദ്ധത്തിനായി അങ്ങ് എന്നോടൊപ്പം വരുമോ?” യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയുടെകൂടെ വരാം; ഞാൻ അങ്ങയെപ്പോലെ; എന്റെ സൈന്യം അങ്ങയുടെ സൈന്യത്തെപ്പോലെ; എന്റെ കുതിരകളും അങ്ങയുടെ കുതിരകളെപ്പോലെതന്നെ.” “എന്നാൽ, ഏതു മാർഗത്തിലൂടെയാണ് നാം ആക്രമിക്കേണ്ടത്?” എന്നു യെഹോശാഫാത്ത് ചോദിച്ചു. “ഏദോം മരുഭൂമിയിലൂടെ,” എന്നു യെഹോരാം മറുപടി നൽകി. അങ്ങനെ, യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും സഖ്യംചേർന്ന് ഇസ്രായേൽരാജാവ് മോവാബിനെതിരേ യുദ്ധത്തിനു പുറപ്പെട്ടു. അവരുടെ യാത്ര ഏഴുദിവസത്തോളം തുടർന്നു. എന്നാൽ, അപ്പോഴേക്കും സൈന്യത്തിനും അവരുടെ മൃഗങ്ങൾക്കും വെള്ളം ലഭിക്കാതെയായി. “എന്ത്! യഹോവ, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിനാണോ കൂട്ടിവരുത്തിയത്?” എന്ന് ഇസ്രായേൽരാജാവ് ആശ്ചര്യത്തോടെ ചോദിച്ചു. അപ്പോൾ, യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിച്ചറിയുന്നതിന് യഹോവയുടെ ഒരു പ്രവാചകൻ ഇവിടെ ഇല്ലേ?” എന്നു ചോദിച്ചു. അതിന് ഇസ്രായേൽരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ: “ഏലിയാവിന്റെ സഹായിയായിരുന്ന ശാഫാത്തിന്റെ മകനായ എലീശാ എന്നൊരാൾ ഇവിടെയുണ്ട്” എന്നു മറുപടി പറഞ്ഞു. “യഹോവയുടെ വചനം അദ്ദേഹത്തിന്റെ പക്കലുണ്ട്,” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവും യെഹോശാഫാത്തും ഏദോംരാജാവും ചേർന്ന് എലീശയുടെ അടുക്കലേക്കുപോയി.
2 രാജാക്കന്മാർ 3 വായിക്കുക
കേൾക്കുക 2 രാജാക്കന്മാർ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 രാജാക്കന്മാർ 3:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ