2 രാജാക്കന്മാർ 13:14-21

2 രാജാക്കന്മാർ 13:14-21 MCV

അക്കാലത്ത് എലീശായ്ക്ക് മാരകരോഗം ബാധിച്ചു. ഇസ്രായേൽരാജാവായ യഹോവാശ് അദ്ദേഹത്തെ കാണുന്നതിനു വന്നു; അദ്ദേഹം എലീശായുടെ മുൻപിൽ വിലപിച്ചു. “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രായേലിന്റെ തേരും തേരാളികളുമേ!” എന്നു പറഞ്ഞ് അദ്ദേഹം കരഞ്ഞു. “അമ്പും വില്ലും എടുക്കുക,” എന്ന് എലീശാ കൽപ്പിച്ചു. അദ്ദേഹം അപ്രകാരംചെയ്തു. “നിന്റെ കൈകളിൽ വില്ലെടുക്കുക,” എന്ന് അദ്ദേഹം വീണ്ടും ഇസ്രായേൽരാജാവിനോടു കൽപ്പിച്ചു. അദ്ദേഹം അതെടുത്തപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു. “കിഴക്കുവശത്തെ ജനാല തുറക്കുക,” എന്ന് എലീശാ കൽപ്പിച്ചു. രാജാവ് അതു തുറന്നു. “എയ്യുക,” എന്ന് അദ്ദേഹം കൽപ്പിച്ചു; രാജാവ് എയ്തു. “യഹോവയുടെ ജയാസ്ത്രം! യഹോവയുടെ ജയാസ്ത്രം അരാമിന്മേൽ!” എന്ന് എലീശാ ഉദ്ഘോഷിച്ചു. അദ്ദേഹം തുടർന്നു: “അഫേക്കിൽവെച്ച് അങ്ങ് അരാമ്യരെ പൂർണമായും നശിപ്പിക്കും. “അമ്പുകൾ എടുക്കുക,” എന്നു വീണ്ടും എലീശാ കൽപ്പിച്ചു. ഇസ്രായേൽരാജാവ് അവയെടുത്തു. “നിലത്തടിക്കുക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം മൂന്നുപ്രാവശ്യം അടിച്ചശേഷം നിർത്തി. അപ്പോൾ ദൈവപുരുഷൻ അദ്ദേഹത്തോടു കോപിച്ചിട്ട്: “നീ അഞ്ചോ ആറോ പ്രാവശ്യം നിലത്ത് അടിക്കണമായിരുന്നു. എങ്കിൽ നീ അരാമ്യരെ തോൽപ്പിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നീ മൂന്നുപ്രാവശ്യംമാത്രമേ അവരെ തോൽപ്പിക്കൂ” എന്നു പറഞ്ഞു. എലീശാ മരിച്ച് അടക്കപ്പെട്ടു. മോവാബ്യരുടെ കവർച്ചപ്പട വർഷംതോറും വസന്തകാലത്ത് ദേശത്തു വരിക പതിവായിരുന്നു. ഒരിക്കൽ ഏതാനും ഇസ്രായേല്യർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ പെട്ടെന്ന് അവർ ഒരു കവർച്ചക്കൂട്ടത്തെ കണ്ടു; അവർ ആ മനുഷ്യന്റെ ജഡം എലീശയുടെ ശവക്കുഴിയിൽ ഇട്ടു. ആ മൃതശരീരം എലീശയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾത്തന്നെ ആ മനുഷ്യൻ പുനർജീവിച്ചു; അയാൾ സ്വന്തം കാലിൽ എഴുന്നേറ്റുനിന്നു.