എന്നാൽ യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ യെഹൂദ്യയെയും ജെറുശലേം ജനതയെയും വഴിപിഴച്ചവരാക്കിത്തീർത്തു. യഹോവ മനശ്ശെയോടും അദ്ദേഹത്തിന്റെ ജനത്തോടും സംസാരിച്ചു; എന്നാൽ അവർ അതു ഗൗനിച്ചതേയില്ല. അതിനാൽ യഹോവ അശ്ശൂർരാജാവിന്റെ സൈന്യാധിപന്മാരെ അവർക്കെതിരേ വരുത്തി. അവർ മനശ്ശെയെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ മൂക്കിൽ ഒരു കൊളുത്തിട്ട് ഓട്ടുചങ്ങലകളാൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. തന്റെ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ യഹോവയെ അന്വേഷിച്ചു; അവിടത്തെ കരുണയ്ക്കായി അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ തന്നത്താൻ ഏറ്റവും എളിമപ്പെട്ടു. അദ്ദേഹം പ്രാർഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സങ്കടയാചനയിൽ യഹോവ മനസ്സലിഞ്ഞു; അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ട് യഹോവ അദ്ദേഹത്തെ ജെറുശലേമിലേക്ക്, അദ്ദേഹത്തിന്റെ രാജ്യത്തിലേക്കുതന്നെ തിരികെവരുത്തി. യഹോവ ആകുന്നു ദൈവം എന്ന് അപ്പോൾ മനശ്ശെ മനസ്സിലാക്കി. അതിനുശേഷം മനശ്ശെ താഴ്വരയിൽ ഗീഹോൻ അരുവിക്കു പടിഞ്ഞാറുമുതൽ ഓഫേൽ കുന്നിനെ വലയംചെയ്ത് മീൻകവാടത്തിന്റെ പ്രവേശനകവാടംവരെ ദാവീദിന്റെ നഗരത്തിന്റെ പുറംമതിൽ പുതുക്കിപ്പണിതു. അദ്ദേഹമത് വളരെ ഉയരത്തിലാണു കെട്ടിയത്. യെഹൂദ്യയിൽ കോട്ടകെട്ടിയുറപ്പിച്ച നഗരങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ പാർപ്പിച്ചു. യഹോവയുടെ ആലയത്തിൽനിന്ന് അദ്ദേഹം അന്യദേവന്മാരെയും വിഗ്രഹത്തെയും നീക്കംചെയ്തു. ദൈവാലയം നിർമിച്ചിരുന്ന മലയിലും ജെറുശലേംനഗരത്തിലും താൻ നിർമിച്ചിരുന്ന ബലിപീഠങ്ങളെല്ലാം തകർത്തു. അവയെല്ലാം അദ്ദേഹം നഗരത്തിനു പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. തുടർന്ന് അദ്ദേഹം യഹോവയുടെ യാഗപീഠം പുനരുദ്ധരിച്ച് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു. എന്നിരുന്നാലും ജനം ക്ഷേത്രങ്ങളിൽ യാഗമർപ്പിക്കുന്നതു തുടർന്നുകൊണ്ടിരുന്നു; പക്ഷേ, തങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടിമാത്രം ആയിരുന്നു അവിടങ്ങളിൽ യാഗം അർപ്പിച്ചത്!
2 ദിനവൃത്താന്തം 33 വായിക്കുക
കേൾക്കുക 2 ദിനവൃത്താന്തം 33
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ദിനവൃത്താന്തം 33:9-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ