2 ദിനവൃത്താന്തം 33:1-13

2 ദിനവൃത്താന്തം 33:1-13 MCV

മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛ ആചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്ന കാര്യങ്ങൾ പ്രവർത്തിച്ചു. തന്റെ പിതാവായ ഹിസ്കിയാവ് ഇടിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ബാലിനുള്ള ബലിപീഠങ്ങളും അശേരാപ്രതിഷ്ഠകളും നിർമിച്ചു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു. “എന്റെ നാമം ജെറുശലേമിൽ എന്നെന്നും നിലനിൽക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു. യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു. അദ്ദേഹം തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിയിൽ ഹോമിച്ചു; ദേവപ്രശ്നംവെക്കുക, ആഭിചാരം, ശകുനംനോക്കുക ഇവയെല്ലാം ചെയ്തു; ലക്ഷണംപറയുന്നവർ, വെളിച്ചപ്പാടുകൾ, ഭൂതസേവക്കാർ എന്നിവരോട് ആലോചന ചോദിച്ചു; ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു. താൻ കൊത്തിച്ച വിഗ്രഹം കൊണ്ടുവന്ന് അദ്ദേഹം ദൈവത്തിന്റെ ആലയത്തിൽ പ്രതിഷ്ഠിച്ചു. ഈ ആലയത്തെപ്പറ്റി ദൈവം ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഈ വിധം കൽപ്പിച്ചിരുന്നല്ലോ: “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും നിങ്ങളുടെ പൂർവികർക്കായി നിയോഗിച്ചുതന്നിരിക്കുന്ന ഈ ദേശം വിട്ടുപോകാൻ ഇസ്രായേല്യരുടെ പാദങ്ങൾക്ക് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല; എന്നാൽ ഞാൻ മോശമുഖാന്തരം നൽകിയിരിക്കുന്ന നിയമങ്ങളും ഉത്തരവുകളും അനുശാസനങ്ങളും ഓരോന്നും പ്രമാണിക്കുന്നതിൽ അവർ ശ്രദ്ധാലുക്കളായിരിക്കുമെങ്കിൽമാത്രം!” എന്നാൽ യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ യെഹൂദ്യയെയും ജെറുശലേം ജനതയെയും വഴിപിഴച്ചവരാക്കിത്തീർത്തു. യഹോവ മനശ്ശെയോടും അദ്ദേഹത്തിന്റെ ജനത്തോടും സംസാരിച്ചു; എന്നാൽ അവർ അതു ഗൗനിച്ചതേയില്ല. അതിനാൽ യഹോവ അശ്ശൂർരാജാവിന്റെ സൈന്യാധിപന്മാരെ അവർക്കെതിരേ വരുത്തി. അവർ മനശ്ശെയെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ മൂക്കിൽ ഒരു കൊളുത്തിട്ട് ഓട്ടുചങ്ങലകളാൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. തന്റെ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ യഹോവയെ അന്വേഷിച്ചു; അവിടത്തെ കരുണയ്ക്കായി അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ തന്നത്താൻ ഏറ്റവും എളിമപ്പെട്ടു. അദ്ദേഹം പ്രാർഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സങ്കടയാചനയിൽ യഹോവ മനസ്സലിഞ്ഞു; അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ട് യഹോവ അദ്ദേഹത്തെ ജെറുശലേമിലേക്ക്, അദ്ദേഹത്തിന്റെ രാജ്യത്തിലേക്കുതന്നെ തിരികെവരുത്തി. യഹോവ ആകുന്നു ദൈവം എന്ന് അപ്പോൾ മനശ്ശെ മനസ്സിലാക്കി.