അങ്ങനെ, രണ്ടാംമാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കാൻ വൻപിച്ച ഒരു ജനാവലി ജെറുശലേമിൽ സമ്മേളിച്ചു. അവർ എഴുന്നേറ്റ് ജെറുശലേമിലുണ്ടായിരുന്ന അന്യദേവന്മാരുടെ ബലിപീഠങ്ങളെല്ലാം നീക്കിക്കളയുകയും ധൂപാർച്ചനയ്ക്കുള്ള ബലിപീഠങ്ങളെല്ലാം കിദ്രോൻതോട്ടിൽ എറിഞ്ഞുകളയുകയും ചെയ്തു. അതിനുശേഷം രണ്ടാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായിരുന്നു; അവർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിലേക്ക് ഹോമയാഗങ്ങൾ കൊണ്ടുവന്നു. ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ പറയുന്നപ്രകാരം അവർ അവരവരുടെ ക്രമമനുസരിച്ചുള്ള സ്ഥാനത്ത് നിലയുറപ്പിച്ചു. ലേവ്യരുടെ കൈയിൽനിന്ന് ഏറ്റുവാങ്ങിയ രക്തം പുരോഹിതന്മാർ യാഗപീഠത്തിന്മേൽ തളിച്ചു. തങ്ങളെത്തന്നെ ശുദ്ധീകരിക്കാത്ത അനേകർ ആ സഭയിൽ ഉണ്ടായിരുന്നു. അതിനാൽ ആചാരപരമായി ശുദ്ധീകരിക്കപ്പെടാത്ത ഓരോരുത്തർക്കുംവേണ്ടി പെസഹാക്കുഞ്ഞാടിനെ അറക്കാനും അവയെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനുമുള്ള ചുമതല ലേവ്യർക്കായിരുന്നു. വലിയൊരു ജനാവലി—എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നുള്ള ഭൂരിഭാഗംപേരും—തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. എന്നിട്ടും വിധിപ്രകാരമല്ലാതെ അവർ പെസഹ ഭക്ഷിച്ചു. എന്നാൽ ഹിസ്കിയാവ് അവർക്കുവേണ്ടി ഇപ്രകാരം പ്രാർഥിച്ചു: “നല്ലവനായ യഹോവേ, ഏവരോടും ക്ഷമിക്കണമേ! വിശുദ്ധസ്ഥലത്തിന്റെ പവിത്രീകരണവിധിപ്രകാരം ശുദ്ധരായിത്തീർന്നിട്ടില്ലെങ്കിലും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെക്കുന്ന ഏവരോടും അങ്ങു ക്ഷമിക്കണമേ!” യഹോവ ഹിസ്കിയാവിന്റെ പ്രാർഥനകേട്ട് ജനത്തെ സൗഖ്യമാക്കി. ജെറുശലേമിലുണ്ടായിരുന്ന ഇസ്രായേൽജനം ഏഴുദിവസം മഹാസന്തോഷത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആചരിച്ചു. യഹോവയ്ക്ക് ഉച്ചനാദത്തിലുള്ള വാദ്യങ്ങൾ മീട്ടിപ്പാടി ലേവ്യരും പുരോഹിതന്മാരും ദിവസംപ്രതി യഹോവയെ സ്തുതിച്ചുകൊണ്ടിരുന്നു. യഹോവയുടെ ശുശ്രൂഷയിൽ പ്രാഗല്ഭ്യം കാട്ടിയ ലേവ്യരെ ഹിസ്കിയാവ് അഭിനന്ദിച്ചു. അവർ തങ്ങൾക്കുള്ള ഭക്ഷണം കഴിച്ചുകൊണ്ട് ഉത്സവത്തിന്റെ ഈ ഏഴു നാളുകൾ മുഴുവനും സമാധാനയാഗങ്ങൾ അർപ്പിച്ചു, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചു. സർവസഭയും ഏഴുദിവസംകൂടി പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു. അവർ ആനന്ദപൂർവം ഏഴുദിവസംകൂടി ഉത്സവം ആഘോഷിക്കുകയും ചെയ്തു. യെഹൂദാരാജാവായ ഹിസ്കിയാവ് സഭയ്ക്കുവേണ്ടി ആയിരം കാളകളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. പ്രഭുക്കന്മാരും ആ സഭയ്ക്കുവേണ്ടി ആയിരം കാളകളെയും പതിനായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. ഇതിനിടയിൽ വലിയൊരുകൂട്ടം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു. പുരോഹിതന്മാരോടും ലേവ്യരോടും ഒപ്പം യെഹൂദ്യയിലെ സർവസഭയും ഇസ്രായേലിൽനിന്നുവന്ന സർവസഭയും ഇസ്രായേലിൽനിന്നു വന്നുചേർന്നവരും യെഹൂദ്യയിലുണ്ടായിരുന്നവരുമായ വിദേശികളും ഉൾപ്പെടെ എല്ലാവരും ആഹ്ലാദിച്ചു. അങ്ങനെ ജെറുശലേമിൽ ആനന്ദം അലതല്ലി. ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലത്തിനുശേഷം ഇങ്ങനെ ഒരുത്സവം ജെറുശലേമിൽ നടന്നിരുന്നില്ല. അതിനുശേഷം ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ ആശീർവദിച്ചു. യഹോവയുടെ വിശുദ്ധനിവാസമായ സ്വർഗംവരെ അവരുടെ പ്രാർഥന എത്തുകയും ദൈവം അവരുടെ ശബ്ദം കേൾക്കുകയും ചെയ്തു.
2 ദിനവൃത്താന്തം 30 വായിക്കുക
കേൾക്കുക 2 ദിനവൃത്താന്തം 30
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ദിനവൃത്താന്തം 30:13-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ