1 ശമുവേൽ 8:1-9

1 ശമുവേൽ 8:1-9 MCV

ശമുവേൽ വൃദ്ധനായപ്പോൾ അദ്ദേഹം തന്റെ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. അദ്ദേഹത്തിന്റെ ആദ്യജാതന് യോവേൽ എന്നും രണ്ടാമത്തെ പുത്രന് അബീയാവ് എന്നും പേരായിരുന്നു; അവർ ആയിരുന്നു ബേർ-ശേബയിലെ ന്യായാധിപന്മാർ. ശമുവേലിന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ മാർഗം പിൻതുടർന്നില്ല. അവർ ദ്രവ്യാഗ്രഹികളായി കോഴവാങ്ങുകയും ന്യായം അട്ടിമറിക്കുകയും ചെയ്തു. അതിനാൽ ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമുവേലിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്: “അങ്ങ് ഇപ്പോൾ വൃദ്ധനായിരിക്കുന്നു; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ മാർഗം പിൻതുടരുന്നില്ല. അതിനാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങളെ നയിക്കാൻ ഒരു രാജാവിനെ നിയോഗിച്ചുതന്നാലും!” എന്നപേക്ഷിച്ചു. എന്നാൽ “ഞങ്ങളെ നയിക്കാൻ ഞങ്ങൾക്കൊരു രാജാവിനെ തരിക,” എന്ന് അവർ പറഞ്ഞത് ശമുവേലിന് അപ്രീതിയായി. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുക! അവർ നിന്നെയല്ല, അവരുടെ രാജാവെന്ന നിലയിൽ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്. ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് വിടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളെ സേവിക്കുകയും ചെയ്ത് എന്നോടു കാണിച്ച തിന്മതന്നെ അവർ നിന്റെനേരേയും കാണിക്കുന്നു. ഇപ്പോൾ അവർ പറയുന്നതു കേൾക്കുക. എന്നിരുന്നാലും അവരെ ഗൗരവപൂർവം താക്കീതു ചെയ്യുക. ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് അവരെ അറിയിക്കുക.”