ദൈവത്തിന്റെ വിളക്ക് അപ്പോൾ അണച്ചിട്ടില്ലായിരുന്നു. ആ സമയം ശമുവേൽ യഹോവയുടെ ആലയത്തിൽ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്തിരുന്നിടത്ത് പോയി കിടക്കുകയായിരുന്നു. അപ്പോൾ യഹോവ ശമുവേലിനെ വിളിച്ചു. “അടിയൻ ഇതാ,” എന്നു ശമുവേൽ മറുപടി പറഞ്ഞു. ഉടൻതന്നെ ശമുവേൽ ഓടി ഏലിയുടെ അടുത്തുചെന്ന് “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. അപ്പോൾ ഏലി, “ഞാൻ വിളിച്ചില്ല; പോയിക്കിടന്നോളൂ” എന്നു പറഞ്ഞു. അതിനാൽ ബാലൻ പോയിക്കിടന്നു. യഹോവ വീണ്ടും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടിയെത്തി. “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. എന്റെ മകനേ, “ഞാൻ വിളിച്ചില്ല, പോയിക്കിടന്നോളൂ” എന്ന് ഏലി വീണ്ടും പറഞ്ഞു. യഹോവയുടെ വചനം ശമുവേലിന് അന്നുവരെ വെളിപ്പെട്ടിരുന്നില്ല, അതുകൊണ്ട് ആ ബാലൻ അന്നുവരെ യഹോവയെ അറിഞ്ഞിട്ടുമില്ലായിരുന്നു. യഹോവ അവനെ മൂന്നാമതും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു, “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ!” യഹോവ ബാലനെ വിളിക്കുകയായിരുന്നു എന്ന് അപ്പോൾ ഏലിക്കു ബോധ്യമായി. അതിനാൽ ഏലി ശമുവേലിനോട്, “പോയി കിടന്നുകൊള്ളൂ. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, ‘യഹോവേ, അരുളിച്ചെയ്താലും! അടിയൻ കേൾക്കുന്നു,’ ” എന്നു പറയണമെന്നു നിർദേശിച്ചു. അതിനാൽ ശമുവേൽ പോയി വീണ്ടും സ്വസ്ഥാനത്തു കിടന്നു. അപ്പോൾ യഹോവ വന്ന്, മുമ്പിലത്തേതുപോലെ ബാലന്റെ സമീപത്തുനിന്ന്, “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു. അപ്പോൾ ശമുവേൽ, “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു മറുപടി പറഞ്ഞു.
1 ശമുവേൽ 3 വായിക്കുക
കേൾക്കുക 1 ശമുവേൽ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 3:3-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ