1 ശമുവേൽ 27:1-7

1 ശമുവേൽ 27:1-7 MCV

അതിനുശേഷം ദാവീദ് ഈ വിധം ചിന്തിച്ചു: “ഞാൻ ഒരു ദിവസം ശൗലിന്റെ കൈയാൽ നശിക്കുകയേയുള്ളൂ. ഫെലിസ്ത്യനാടുകളിലേക്ക് ഓടിപ്പോയി രക്ഷപ്പെടുന്നതായിരിക്കും എനിക്കേറ്റവും നല്ലത്. അപ്പോൾ ശൗൽ ഇസ്രായേൽദേശത്തെല്ലാം എന്നെ തെരയുന്നതു മതിയാക്കും. അങ്ങനെ എനിക്ക് അദ്ദേഹത്തിന്റെ കൈയിൽനിന്ന് തെറ്റിയൊഴിയുകയും ചെയ്യാം.” അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് അനുയായികളും അവിടംവിട്ട് ഗത്തിലെ രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുത്ത് എത്തിച്ചേർന്നു. ദാവീദും സംഘവും ഗത്തിൽ ആഖീശിനോടൊപ്പം താമസിച്ചു. ഓരോരുത്തരുടെയും കുടുംബവും അവരോടുകൂടെയുണ്ടായിരുന്നു. യെസ്രീൽക്കാരി അഹീനോവം, കർമേൽക്കാരിയും നാബാലിന്റെ വിധവയുമായ അബീഗയിലും—ഈ രണ്ടു ഭാര്യമാരും—ദാവീദിനോടൊപ്പം ഉണ്ടായിരുന്നു. ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്നു ശൗൽ കേട്ടു. പിന്നെ അദ്ദേഹം ദാവീദിനെ തെരഞ്ഞതുമില്ല. പിന്നെ ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങേക്ക് എന്നോടു കരുണയുണ്ടെങ്കിൽ നാട്ടിൻപുറത്തെ പട്ടണങ്ങളിലൊന്നിൽ എനിക്കൊരു ഇടം അനുവദിച്ചുതന്നാലും! ഞാനവിടെ താമസിച്ചുകൊള്ളാം. ഈ ദാസൻ എന്തിന് രാജനഗരത്തിൽ അങ്ങയോടൊപ്പം വസിക്കുന്നു?” അതിനാൽ അന്നുതന്നെ ആഖീശ്, സിക്ലാഗുദേശം ദാവീദിനു കൽപ്പിച്ചുകൊടുത്തു. അതിനാൽ അത് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്ക് അവകാശപ്പെട്ടിരിക്കുന്നു. ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാലുമാസവും താമസിച്ചു.