കർമേലിൽ വസ്തുവകകളുള്ള മാവോന്യനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹം മഹാധനികനായിരുന്നു. കർമേലിൽ അദ്ദേഹത്തിന് ആയിരം കോലാടുകളും മൂവായിരം ചെമ്മരിയാടുകളും ഉണ്ടായിരുന്നു, ആടുകളുടെ രോമം കത്രിക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ പേര് നാബാൽ എന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അബീഗയിൽ വിവേകവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ആയിരുന്നു. എന്നാൽ അവളുടെ ഭർത്താവ് ദയയില്ലാത്തവനും ദുഷ്ടനും കാലേബിന്റെ വംശജനും ആയിരുന്നു. ദാവീദ് മരുഭൂമിയിലായിരുന്നപ്പോൾ നാബാൽ കർമേലിൽ ആടുകളുടെ രോമം കത്രിക്കുന്നുണ്ട് എന്നു കേട്ടു. അദ്ദേഹം തന്റെ കൂട്ടത്തിൽനിന്ന് പത്തു ചെറുപ്പക്കാരെ വിളിച്ച് അവിടേക്ക് അയച്ചു. ദാവീദ് അവരോടു പറഞ്ഞു: “കർമേലിൽ നാബാലിന്റെ അടുത്തേക്കു ചെല്ലുക. അദ്ദേഹത്തെ എന്റെ നാമത്തിൽ വന്ദനംചെയ്യുക. എന്നിട്ട് അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘താങ്കൾ ദീർഘായുസ്സോടെയിരിക്കട്ടെ! താങ്കൾക്കും താങ്കളുടെ ഭവനത്തിനുംമാത്രമല്ല, താങ്കൾക്കുള്ള എല്ലാവർക്കും ആയുരാരോഗ്യങ്ങൾ ലഭിക്കട്ടെ! “ ‘ഇപ്പോൾ താങ്കൾക്ക് ആടുകളുടെ രോമം കത്രിക്കുന്ന സമയമാണെന്നു ഞാൻ കേട്ടിരിക്കുന്നു. താങ്കളുടെ ഇടയന്മാർ ഞങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഞങ്ങൾ അവർക്കൊരുദ്രോഹവും ചെയ്തിട്ടില്ല. അവർ കർമേലിൽ ആയിരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. താങ്കളുടെ ഭൃത്യന്മാരോടു ചോദിച്ചാലും. അവർ അതു പറയും. അതിനാൽ ഞാനയയ്ക്കുന്ന ഈ ചെറുപ്പക്കാരോടു ദയ തോന്നേണം. ഒരു പ്രത്യേകദിവസത്തിലാണല്ലോ ഞങ്ങൾ വരുന്നതും! ദയവായി താങ്കളുടെ ഈ ഭൃത്യന്മാർക്കും താങ്കളുടെ മകനായ ദാവീദിനുംവേണ്ടി എന്തുകൊടുക്കാൻ കഴിയുമോ അതു കൊടുക്കണം.’ ” ദാവീദിന്റെ ആളുകൾ വന്ന് ഈ സന്ദേശം ദാവീദിന്റെ നാമത്തിൽ നാബാലിനെ അറിയിച്ചു. എന്നിട്ട് അവർ കാത്തുനിന്നു. എന്നാൽ നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ദാവീദ് ആര്? യിശ്ശായിയുടെ മകനാര്? യജമാനന്മാരെ വിട്ടുപൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു ധാരാളമാണ്. എവിടെനിന്നു വന്നവർ എന്നുപോലും അറിയാത്ത ആളുകൾക്കുവേണ്ടി ഞാനെന്റെ അപ്പവും വെള്ളവും, എന്റെ വീട്ടിൽ രോമം കത്രിക്കുന്നവർക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഇറച്ചിയും എടുത്തുകൊടുക്കുന്നതെന്തിന്?” ദാവീദിന്റെ ഭൃത്യന്മാർ മടങ്ങിവന്ന് ഈ വാക്കുകളെല്ലാം ദാവീദിനെ അറിയിച്ചു. അപ്പോൾ ദാവീദ് തന്റെ ആളുകളോട് ആജ്ഞാപിച്ചു: “നിങ്ങളുടെ വാൾ ധരിച്ചുകൊള്ളുക.” അതുകേട്ട് എല്ലാവരും താന്താങ്ങളുടെ വാൾ അരയ്ക്കുകെട്ടി. ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം പോയി. ശേഷിച്ച ഇരുനൂറുപേർ സാധനസാമഗ്രികൾ കാത്തുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. സേവകന്മാരിലൊരാൾ നാബാലിന്റെ ഭാര്യ അബീഗയിലിനെ അറിയിച്ചു: “യജമാനനെ അഭിവാദനം ചെയ്യുന്നതിനായി ദാവീദ് മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചിരുന്നു. എന്നാൽ അദ്ദേഹം അവരെ ശകാരിക്കുകയാണു ചെയ്തത്. ആ മനുഷ്യർ ഞങ്ങൾക്ക് ഏറ്റവും നല്ലവരായിരുന്നു. അവർ ഞങ്ങളോടു ദ്രോഹം പ്രവർത്തിച്ചിട്ടില്ല. ഞങ്ങൾ വെളിമ്പ്രദേശത്ത് അവരുടെ അടുത്ത് ആയിരുന്ന നാളുകളിൽ ഒരിക്കലും നമുക്കൊന്നും നഷ്ടമായിട്ടില്ല. ഞങ്ങൾ അവരുടെ അടുത്ത് ആടുകളെ മേയിച്ചു കഴിഞ്ഞിരുന്ന കാലത്തെല്ലാം രാപകൽ അവർ ഞങ്ങൾക്കുചുറ്റും ഒരു കോട്ടയായിരുന്നു. ആകയാൽ എന്തുചെയ്യാൻ കഴിയുമെന്നു ചിന്തിച്ച് പ്രവർത്തിച്ചാലും! എന്തെന്നാൽ നമ്മുടെ യജമാനനും അദ്ദേഹത്തിന്റെ സകലഭവനത്തിനും നാശം അടുത്തിരിക്കുന്നു എന്ന കാര്യം ഉറപ്പാണ്. യജമാനനോട് ആർക്കും ഒന്നും മിണ്ടിക്കൂടാ. അത്രയ്ക്കു വികടസ്വഭാവിയാണ് അദ്ദേഹം.”
1 ശമുവേൽ 25 വായിക്കുക
കേൾക്കുക 1 ശമുവേൽ 25
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 25:2-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ