1 ശമുവേൽ 24:1-10

1 ശമുവേൽ 24:1-10 MCV

ഫെലിസ്ത്യരെ തുരത്തിയിട്ട് ശൗൽ മടങ്ങിവന്നപ്പോൾ, “ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ട്” എന്ന് അദ്ദേഹത്തിന് അറിവുകിട്ടി. ഇസ്രായേലിൽനിന്നെല്ലാമായി തെരഞ്ഞെടുത്ത മൂവായിരം ആളുകളെയും കൂട്ടി ശൗൽ ദാവീദിനെയും അനുയായികളെയും തെരയുന്നതിനായി കാട്ടാടിൻ പാറക്കെട്ടുകളുടെ അടുത്തേക്കുപോയി. അദ്ദേഹം വഴിയരികിലുള്ള ആട്ടിൻതൊഴുത്തുകളുടെ അടുത്തെത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനാവശ്യത്തിന് ശൗൽ അതിൽ കടന്നു. ദാവീദും ആളുകളും ആ ഗുഹയുടെ ഏറ്റവും ഉള്ളിലുണ്ടായിരുന്നു. ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “ ‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.” ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ ആളുകളെ തടഞ്ഞു; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹ വിട്ട് തന്റെ വഴിക്കു പോകുകയും ചെയ്തു. അപ്പോൾ ദാവീദും ഗുഹവിട്ടിറങ്ങി പിന്നാലെചെന്ന്, “എന്റെ യജമാനനായ രാജാവേ!” എന്നു വിളിച്ചു. ശൗൽ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് അദ്ദേഹത്തെ നമസ്കരിച്ചു. അദ്ദേഹം ശൗലിനോടു പറഞ്ഞു: “ ‘ദാവീദ് അങ്ങയെ ദ്രോഹിക്കാൻ തുനിഞ്ഞിരിക്കുന്നു,’ എന്ന് ആളുകൾ പറയുന്ന വാക്കുകൾ അങ്ങെന്തിനു കേൾക്കുന്നു? ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു.