ദാവീദ് നോബിൽ പുരോഹിതനായ അഹീമെലെക്കിന്റെ അടുക്കൽ എത്തിച്ചേർന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അഹീമെലെക്കു സംഭ്രമത്തോടെ: “അങ്ങെന്താണു തനിച്ചുവന്നത്? കൂടെ ആരുമില്ലാത്തതെന്താണ്?” എന്നു ചോദിച്ചു. ദാവീദ് പുരോഹിതനായ അഹീമെലെക്കിനോടു മറുപടി പറഞ്ഞു: “രാജാവ് എന്നെ ഒരു പ്രത്യേക കാര്യത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നു. ‘എന്നെ ചുമതലപ്പെടുത്തിയ കാര്യവും എനിക്കു നൽകിയിരിക്കുന്ന നിർദേശങ്ങളും ആരും അറിയരുത്,’ എന്നും കൽപ്പിച്ചിരിക്കുന്നു. എന്റെ ആൾക്കാരുടെ കാര്യമാകട്ടെ, ഒരു പ്രത്യേകസ്ഥലത്തു വന്നെത്താൻ ഞാനവരോടു പറഞ്ഞിരിക്കുകയാണ്. അതിനാൽ ഇപ്പോൾ താങ്കളുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരണം, ഇല്ലെങ്കിൽ ഇപ്പോൾ എന്തുണ്ടോ, അതു തരണം.” ആ പുരോഹിതൻ ദാവീദിനോട്: “എന്റെ കൈവശം സാധാരണ അപ്പമില്ല, എങ്കിലും വിശുദ്ധമായ കുറെ അപ്പമുണ്ട്. അങ്ങയുടെ ഭൃത്യന്മാർ സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നവരെങ്കിൽമാത്രം അതു തരാം” എന്നു പറഞ്ഞു. ദാവീദ് പുരോഹിതനോട്: “ഞാൻ പുറപ്പെട്ടതുമുതൽ ഈ മൂന്നുദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഒരു സാധാരണ യാത്രയെങ്കിലും യുവാക്കന്മാരെല്ലാം വിശുദ്ധരായിരുന്നു; ഇപ്പോഴോ, അവർ എത്രയധികം ശുദ്ധിയുള്ളവരായിരിക്കും?” എന്നു മറുപടി പറഞ്ഞു. അന്ന് ചൂടുള്ള അപ്പം കാഴ്ചയായി വെച്ചിട്ട് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കംചെയ്ത കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെയില്ലായിരുന്നു. അതിനാൽ, നീക്കിയ ആ വിശുദ്ധ അപ്പംതന്നെ പുരോഹിതൻ ദാവീദിനു നൽകി.
1 ശമുവേൽ 21 വായിക്കുക
കേൾക്കുക 1 ശമുവേൽ 21
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 21:1-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ