യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞു: “ഈ ഒരു ഏഫാ മലരും പത്ത് അപ്പവും എടുത്ത് വേഗത്തിൽ പാളയത്തിൽ കൊണ്ടുചെന്ന് നിന്റെ സഹോദരന്മാർക്കു കൊടുക്കുക. അവരുടെ സേനാധിപനുവേണ്ടി ഈ പാൽക്കട്ടി പത്തുംകൂടി എടുത്തുകൊള്ളുക! നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് എല്ലാക്കാര്യങ്ങളെക്കുറിച്ചും ഒരു ഉറപ്പുവരുത്തി തിരിച്ചുവരിക. അവർ ശൗലിനോടും മറ്റ് ഇസ്രായേല്യരോടും ഒപ്പം ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു പൊരുതുകയാണ്.” പിറ്റേദിവസം അതിരാവിലെ ദാവീദ് ആടുകളെ ഒരു ഇടയന്റെ പക്കൽ ഏൽപ്പിച്ചിട്ട് സാധനങ്ങളും എടുത്തു യിശ്ശായി പറഞ്ഞിരുന്നപ്രകാരം യാത്രതിരിച്ചു. സൈന്യം ആർത്തുവിളിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെടുന്ന നേരത്ത് ദാവീദ് അവിടെയെത്തി. ഇസ്രായേല്യരും ഫെലിസ്ത്യരും അഭിമുഖമായി അണിനിരന്നു. ദാവീദ് തന്റെ സാധനങ്ങൾ പടക്കോപ്പുസൂക്ഷിപ്പുകാരനെ ഏൽപ്പിച്ചിട്ട് അണികളിലേക്ക് ഓടിച്ചെന്ന് തന്റെ സഹോദരന്മാരെ കണ്ടുമുട്ടി കുശലം അന്വേഷിച്ചു. അയാൾ അവരോടു സംസാരിക്കുമ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നു മുമ്പോട്ടുവന്ന് പതിവുപോലെ വെല്ലുവിളി ഉയർത്തി. ദാവീദും അതുകേട്ടു. ഇസ്രായേല്യർ അവനെ കണ്ടപ്പോൾ അതിഭീതിയോടെ അവന്റെ മുമ്പിൽനിന്ന് ഓടിയകന്നു. അപ്പോൾ ഇസ്രായേല്യർ: “ഈ വന്നുനിൽക്കുന്ന മനുഷ്യനെക്കണ്ടോ? അവൻ ഇസ്രായേലിനെ വെല്ലുവിളിച്ച് നിന്ദിക്കാൻ വന്നിരിക്കുന്നു. ഇവനെ കൊല്ലുന്നവനു രാജാവ് മഹാസമ്പത്തു നൽകും. തന്റെ പുത്രിയെ ഭാര്യയായി നൽകും. അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവും അനുവദിക്കും” എന്നു പറഞ്ഞു. തന്റെ അടുത്തുനിന്നവരോടു ദാവീദ് ചോദിച്ചു: “ഈ ഫെലിസ്ത്യനെ കൊന്ന് ഇസ്രായേലിന്റെ അപമാനം ദൂരീകരിക്കുന്ന മനുഷ്യന് എന്തു കിട്ടും? ജീവനുള്ള ദൈവത്തിന്റെ സേനയെ വെല്ലുവിളിക്കാൻ പരിച്ഛേദനമില്ലാത്ത ഈ ഫെലിസ്ത്യൻ ആരാണ്?”
1 ശമുവേൽ 17 വായിക്കുക
കേൾക്കുക 1 ശമുവേൽ 17
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 17:17-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ