1 ശമുവേൽ 16:7-12

1 ശമുവേൽ 16:7-12 MCV

എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” ഇതിനുശേഷം യിശ്ശായി അബീനാദാബിനെ വിളിച്ച് ശമുവേലിന്റെ മുമ്പാകെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. പിന്നെ യിശ്ശായി ശമ്മായെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. യിശ്ശായി തന്റെ ഏഴു പുത്രന്മാരെയും ശമുവേലിന്റെ മുമ്പാകെ വരുത്തി. എന്നാൽ “യഹോവ ഇവരെ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. അതുകൊണ്ട് അദ്ദേഹം യിശ്ശായിയോട്, “ഇത്രയും പുത്രന്മാർമാത്രമാണോ നിനക്കുള്ളത്” എന്നു ചോദിച്ചു. യിശ്ശായി മറുപടി പറഞ്ഞു: “ഇനിയും ഏറ്റവും ഇളയവനുണ്ട്. അവൻ ആടുകളെ മേയിക്കുകയാണ്.” ശമുവേൽ പറഞ്ഞു: “ആളയച്ച് അവനെ വരുത്തുക. അവൻ വന്നെത്തുന്നതുവരെ നാം ഭക്ഷണത്തിനിരിക്കുകയില്ല.” അതിനാൽ യിശ്ശായി ആളയച്ച് അവനെ വരുത്തി. അവൻ ചെമപ്പുനിറമുള്ളവനും അഴകുറ്റ കണ്ണുകളുള്ള അതിസുന്ദരനും ആയിരുന്നു. അപ്പോൾ യഹോവ കൽപ്പിച്ചു: “എഴുന്നേറ്റ് അവനെ അഭിഷേകംചെയ്യുക; അവനാണ് തെരഞ്ഞെടുക്കപ്പെട്ടവൻ!”