1 ശമുവേൽ 16:4-12

1 ശമുവേൽ 16:4-12 MCV

യഹോവ കൽപ്പിച്ചതുപോലെ ശമുവേൽ ചെയ്തു. അദ്ദേഹം ബേത്ലഹേമിൽ എത്തി. പട്ടണത്തലവന്മാർ സംഭ്രമത്തോടെ അദ്ദേഹത്തെ എതിരേറ്റു. “അങ്ങയുടെ വരവ് സമാധാനത്തോടെയോ?” എന്ന് അവർ ചോദിച്ചു. അതിന് ശമുവേൽ, “അതേ, സമാധാനത്തോടെതന്നെ. ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക! എന്നിട്ട് എന്നോടൊപ്പം യാഗത്തിനു വന്നുചേരുക!” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ചു; അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നെത്തിയപ്പോൾ ശമുവേൽ എലീയാബിനെക്കണ്ടു. “തീർച്ചയായും യഹോവയുടെ അഭിഷിക്തൻ ഇതാ ഇവിടെ ദൈവമുമ്പാകെ നിൽക്കുന്നല്ലോ,” എന്ന് അദ്ദേഹം ചിന്തിച്ചു. എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” ഇതിനുശേഷം യിശ്ശായി അബീനാദാബിനെ വിളിച്ച് ശമുവേലിന്റെ മുമ്പാകെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. പിന്നെ യിശ്ശായി ശമ്മായെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. യിശ്ശായി തന്റെ ഏഴു പുത്രന്മാരെയും ശമുവേലിന്റെ മുമ്പാകെ വരുത്തി. എന്നാൽ “യഹോവ ഇവരെ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു. അതുകൊണ്ട് അദ്ദേഹം യിശ്ശായിയോട്, “ഇത്രയും പുത്രന്മാർമാത്രമാണോ നിനക്കുള്ളത്” എന്നു ചോദിച്ചു. യിശ്ശായി മറുപടി പറഞ്ഞു: “ഇനിയും ഏറ്റവും ഇളയവനുണ്ട്. അവൻ ആടുകളെ മേയിക്കുകയാണ്.” ശമുവേൽ പറഞ്ഞു: “ആളയച്ച് അവനെ വരുത്തുക. അവൻ വന്നെത്തുന്നതുവരെ നാം ഭക്ഷണത്തിനിരിക്കുകയില്ല.” അതിനാൽ യിശ്ശായി ആളയച്ച് അവനെ വരുത്തി. അവൻ ചെമപ്പുനിറമുള്ളവനും അഴകുറ്റ കണ്ണുകളുള്ള അതിസുന്ദരനും ആയിരുന്നു. അപ്പോൾ യഹോവ കൽപ്പിച്ചു: “എഴുന്നേറ്റ് അവനെ അഭിഷേകംചെയ്യുക; അവനാണ് തെരഞ്ഞെടുക്കപ്പെട്ടവൻ!”