ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരിക, നമുക്ക് ഫെലിസ്ത്യരുടെ സൈനികകേന്ദ്രത്തിലേക്കൊന്നു പോകാം.” ഇക്കാര്യം അയാൾ തന്റെ പിതാവിനെ അറിയിച്ചിരുന്നില്ല. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിന്റെകീഴിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തോടുകൂടി ഏകദേശം അറുനൂറ് ആൾക്കാരുമുണ്ടായിരുന്നു. അവരിൽ ഏഫോദ് ധരിച്ചിരുന്ന അഹീയാവും ഉണ്ടായിരുന്നു. അദ്ദേഹം ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകനായിരുന്നു. അഹീത്തൂബ് ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകൻ. യോനാഥാൻ അവരെ വിട്ടുപോയ കാര്യം ആരും അറിഞ്ഞിരുന്നില്ല. ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രത്തിൽ എത്തുന്നതിനായി യോനാഥാൻ കടക്കാൻ ഉദ്ദേശിച്ചിരുന്ന മലയിടുക്കിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറക്കെട്ടുണ്ടായിരുന്നു. അവയിൽ ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേരായിരുന്നു. ഒരു പാറക്കെട്ടു വടക്കോട്ടു മിക്-മാസിന് അഭിമുഖമായും മറ്റേത് തെക്കോട്ട് ഗിബെയായ്ക്ക് അഭിമുഖമായും നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരൂ, പരിച്ഛേദനമേൽക്കാത്ത ഇവരുടെ സൈനികകേന്ദ്രത്തിലേക്കു നമുക്കു കടന്നുചെല്ലാം; ഒരുപക്ഷേ, യഹോവ നമുക്കുവേണ്ടി പ്രവർത്തിച്ചേക്കാം. അധികംകൊണ്ടോ അൽപ്പംകൊണ്ടോ പ്രവർത്തിക്കാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ” എന്നു പറഞ്ഞു. ആയുധവാഹകൻ അദ്ദേഹത്തോട്: “അങ്ങയുടെ ഇഷ്ടംപോലെ ചെയ്താലും! മുമ്പേ പൊയ്ക്കൊള്ളൂ; ഞാൻ അങ്ങയുടെ ഇഷ്ടപ്രകാരം പിന്നാലെതന്നെയുണ്ട്” എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ പറഞ്ഞു: “വരൂ, നമുക്കു നേരേചെന്ന് അവരുടെമുമ്പിൽ പ്രത്യക്ഷപ്പെടാം; അവർ നമ്മെ കാണട്ടെ! ‘ഞങ്ങൾ വരുന്നതുവരെ അവിടെ നിൽക്കുക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കിവിടെത്തന്നെ നിൽക്കാം. അവരുടെ അടുത്തേക്കു പോകേണ്ടാ. എന്നാൽ ‘ഇങ്ങോട്ടു കയറിവരിക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കു കയറിച്ചെല്ലാം. യഹോവ അവരെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു എന്നതിനു നമുക്കുള്ള ചിഹ്നമായിരിക്കും ഇത്.” അങ്ങനെ അവരിരുവരും ഫെലിസ്ത്യരുടെ ആ കാവൽസേനാകേന്ദ്രത്തിനു തങ്ങളെത്തന്നെ കാണിച്ചു. ഉടനെ ഫെലിസ്ത്യർ വിളിച്ചുപറഞ്ഞു: “നോക്കൂ, എബ്രായർ ഒളിച്ചിരുന്ന മാളങ്ങളിൽനിന്ന് ഇതാ കയറിവരുന്നു.” സൈനികകേന്ദ്രത്തിലെ ഭടന്മാർ യോനാഥാനോടും അയാളുടെ ആയുധവാഹകനോടും “ഇവിടേക്കു കയറിവരിക, ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചുതരാം,” എന്നു വിളിച്ചുപറഞ്ഞു. യോനാഥാൻ തന്റെ ആയുധവാഹകനോട്: “എന്റെ പിന്നാലെ കയറിവരൂ; യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യോനാഥാന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി. ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണുപോയി. ആയുധവാഹകൻ അവരുടെ പിൻവശത്തുനിന്ന് വന്നവരെ കൊന്നുകൊണ്ടിരുന്നു. ആദ്യ അക്രമത്തിൽത്തന്നെ ഏകദേശം അരയേക്കർ ഇടത്ത് ഇരുപതുപേരെ യോനാഥാനും ആയുധവാഹകനുംകൂടി കൊന്നുവീഴ്ത്തി. ഉടൻതന്നെ ഫെലിസ്ത്യരുടെ സകലസൈന്യത്തിന്മേലും പരിഭ്രാന്തിപിടിപെട്ടു—പാളയത്തിലും പടനിലത്തും കാവൽസേനാകേന്ദ്രത്തിലും കവർച്ചസംഘത്തിലും—വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമികുലുങ്ങി. ദൈവം അയച്ച ഒരു സംഭ്രമം ആയിരുന്നു അത്. ഫെലിസ്ത്യസൈന്യം ചിതറി നാലുപാടും പായുന്നത് ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവൽക്കാർ കണ്ടു. ശൗൽ തന്റെകൂടെയുള്ള ജനത്തോടു പറഞ്ഞു: “സൈന്യത്തെ വിളിച്ചുകൂട്ടി നമ്മുടെ കൂട്ടത്തിൽനിന്ന് പോയവർ ആരാണെന്നു കണ്ടുപിടിക്കുക.” അവർ അപ്രകാരംചെയ്തു. യോനാഥാനും അദ്ദേഹത്തിന്റെ ആയുധവാഹകനുംമാത്രം അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. “ദൈവത്തിന്റെ പേടകം കൊണ്ടുവരൂ,” എന്ന് ശൗൽ അഹീയാവിനോട് ആജ്ഞാപിച്ചു (അന്ന് പേടകം ഇസ്രായേലിലുണ്ടായിരുന്നു). ശൗൽ പുരോഹിതന്മാരുമായി സംസാരിക്കുമ്പോൾ ഫെലിസ്ത്യപാളയത്തിലെ കോലാഹലം ഏറിയേറി വന്നുകൊണ്ടിരുന്നു. അതിനാൽ “നിന്റെ കൈ പിൻവലിക്കുക,” എന്ന് ശൗൽ പുരോഹിതനോടു പറഞ്ഞു. അപ്പോൾ ശൗലും കൂടെയുള്ള സകല ആളുകളും ഒരുമിച്ചുകൂടി യുദ്ധത്തിനു പുറപ്പെട്ടു. ഫെലിസ്ത്യർ ആകമാനം കുഴപ്പത്തിലായി പരസ്പരം വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ് അവർ കണ്ടത്. നേരത്തേ ഫെലിസ്ത്യരുടെകൂടെയുണ്ടായിരുന്നവരും അവരുടെ പാളയത്തിൽ ചെന്നെത്തിയവരുമായ എബ്രായരും തിരിഞ്ഞ് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഇസ്രായേല്യരുടെ പക്ഷംചേർന്നു. അതുപോലെതന്നെ എഫ്രയീം ഗിരിപ്രദേശങ്ങളിൽ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫെലിസ്ത്യർ തോറ്റോടുന്നു എന്നു കേട്ടമാത്രയിൽ ഇറങ്ങിവന്നു പടയിൽച്ചേർന്ന് അവരെ പിൻതുടർന്നു. അങ്ങനെ അന്ന് യഹോവ ഇസ്രായേലിനെ രക്ഷിച്ചു; യുദ്ധം ബേത്-ആവെന് അപ്പുറംവരെ വ്യാപിച്ചു.
1 ശമുവേൽ 14 വായിക്കുക
കേൾക്കുക 1 ശമുവേൽ 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 14:1-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ