1 ശമുവേൽ 13:6-18

1 ശമുവേൽ 13:6-18 MCV

തങ്ങളുടെ നില പരുങ്ങലിലാണെന്നും സൈന്യം വളരെ ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ഇസ്രായേല്യർ മനസ്സിലാക്കി, അതുകൊണ്ട് ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലും മാളങ്ങളിലും ജലസംഭരണികളിലുംചെന്ന് ഒളിച്ചു. എബ്രായരിൽ ചിലർ യോർദാൻനദികടന്ന് ഗാദ്, ഗിലെയാദ്, ദേശങ്ങളിലും ചെന്നെത്തി. ഈ സമയം ശൗൽ, ഗിൽഗാലിൽത്തന്നെ ഉണ്ടായിരുന്നു. ജനമെല്ലാം ഭയന്നുവിറച്ച് അദ്ദേഹത്തെ പിൻതുടർന്നു. ശമുവേൽ അവധിയായി നിശ്ചയിച്ചിരുന്ന ഏഴുദിവസവും ശൗൽ അവിടെത്തന്നെ കാത്തിരുന്നു. എന്നാൽ ശമുവേൽ ഗിൽഗാലിൽ വന്നെത്തിയില്ല. ജനം ശൗലിനെ വിട്ട് ചിതറിപ്പോകാൻ തുടങ്ങി. അതുകൊണ്ട് “ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക,” എന്നു ശൗൽ കൽപ്പിച്ചു. അദ്ദേഹംതന്നെ ഹോമയാഗങ്ങൾ അർപ്പിച്ചു. യാഗങ്ങൾ ചെയ്തുതീർന്ന ഉടൻതന്നെ ശമുവേൽ വന്നെത്തി. ശൗൽ അദ്ദേഹത്തെ അഭിവാദനംചെയ്യാൻ അടുത്തുചെന്നു. “താങ്കൾ ചെയ്തതെന്താണ്?” ശമുവേൽ ചോദിച്ചു. അപ്പോൾ ശൗൽ, “ജനം എന്നെവിട്ടു ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നെന്നും പറഞ്ഞ സമയത്തിനകം അങ്ങു വന്നെത്തിയിട്ടില്ലെന്നും ഫെലിസ്ത്യർ മിക്-മാസിൽ ഒരുമിച്ചുകൂടിയിരിക്കുന്നെന്നും കണ്ടപ്പോൾ ‘ഫെലിസ്ത്യർ ഇപ്പോൾ ഗിൽഗാലിൽവെച്ച് എന്റെമേൽ ആക്രമണം തുടങ്ങുമെന്നും ഞാൻ യഹോവയുടെ അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചില്ലല്ലോയെന്നും,’ ഞാൻ ചിന്തിച്ചു. അതിനാൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി ഈ വിധം ചെയ്തുപോയി” എന്നു മറുപടി പറഞ്ഞു. ശമുവേൽ പറഞ്ഞു: “നീ കാണിച്ചതു ഭോഷത്തമാണ്. നിന്റെ ദൈവമായ യഹോവ നിനക്കുതന്ന കൽപ്പന നീ പാലിച്ചില്ല. ഇസ്രായേലിന്മേൽ നിന്റെ രാജത്വം അവിടന്ന് എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ, നിന്റെ രാജത്വം നിലനിൽക്കുകയില്ല. നീ യഹോവയുടെ കൽപ്പന പ്രമാണിക്കായ്കയാൽ യഹോവ തന്റെ മനസ്സിനിണങ്ങിയ മറ്റൊരു പുരുഷനെ അന്വേഷിച്ചിട്ടുണ്ട്. അവിടന്ന് തന്റെ ജനത്തിനു നായകനായി അവനെ നിയമിച്ചിരിക്കുന്നു.” ഇതിനെത്തുടർന്ന് ശമുവേൽ ഗിൽഗാലിൽനിന്ന് ബെന്യാമീൻദേശത്തിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്റെകൂടെയുള്ള ജനത്തെ എണ്ണി. വെറും അറുനൂറുപേരുമാത്രമാണ് ഉണ്ടായിരുന്നത്. ശൗലും യോനാഥാനും അവരോടുകൂടെയുള്ള പടയാളികളും ബെന്യാമീൻദേശത്തെ ഗിബെയയിൽ കഴിയുകയായിരുന്നു. അപ്പോൾ ഫെലിസ്ത്യർ മിക്-മാസിൽ പാളയമടിച്ചിരുന്നു. ഫെലിസ്ത്യ പാളയത്തിൽനിന്ന് കൊള്ളസംഘങ്ങൾ മൂന്നുകൂട്ടമായി പുറപ്പെട്ടു; ഒന്ന് ശൂവാലിന്റെ സമീപത്തുള്ള ഒഫ്രയിലേക്കു തിരിഞ്ഞു. മറ്റൊരു സംഘം ബേത്-ഹോരോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കുനേരേ സെബോയീം താഴ്വരയ്ക്കെതിരേയുള്ള അതിർത്തിപ്രദേശങ്ങളിലേക്കും തിരിഞ്ഞു.