1 ശമുവേൽ 13:1-5

1 ശമുവേൽ 13:1-5 MCV

ശൗൽ രാജാവാകുമ്പോൾ അദ്ദേഹത്തിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം ഇസ്രായേലിൽ രാജാവായി വാണു. ശൗൽ ഇസ്രായേല്യരിൽനിന്ന് മൂവായിരം പടയാളികളെ തെരഞ്ഞെടുത്തു; രണ്ടായിരം പേർ അദ്ദേഹത്തോടുകൂടെ മിക്-മാസിലും ബേഥേൽ ഗിരിപ്രദേശങ്ങളിലും ആയിരംപേർ യോനാഥാനോടുകൂടെ ബെന്യാമീൻദേശത്തിലെ ഗിബെയയിലും നിർത്തി. ശേഷിച്ചവരെ അദ്ദേഹം അവരവരുടെ ഭവനത്തിലേക്കു തിരിച്ചയച്ചു. ഗേബായിലുണ്ടായിരുന്ന ഫെലിസ്ത്യസൈനികകേന്ദ്രം യോനാഥാൻ ആക്രമിച്ചു കീഴടക്കി. ഫെലിസ്ത്യർ അതുകേട്ടു. “എബ്രായർ കേൾക്കട്ടെ,” എന്നു പറഞ്ഞ് ശൗൽ നാടൊട്ടുക്കു കാഹളം ഊതിച്ചു: “ശൗൽ ഫെലിസ്ത്യരുടെ സൈനികകേന്ദ്രം ആക്രമിച്ചു കീഴടക്കിയെന്നും ഫെലിസ്ത്യർക്ക് ഇസ്രായേല്യരോട് മുമ്പുണ്ടായിരുന്നതിലും അധികം വെറുപ്പുണ്ടായി,” എന്നും ഉള്ള വാർത്തകൾ ഇസ്രായേല്യരെല്ലാം കേട്ടു. ജനമെല്ലാം ഗിൽഗാലിൽ ശൗലിന്റെ അടുക്കൽ വന്നുചേരാൻ കൽപ്പനയുണ്ടായി. മൂവായിരം രഥങ്ങളോടും ആറായിരം അശ്വഭടന്മാരോടും കടൽക്കരയിലെ മണൽപോലെ എണ്ണമറ്റ കാലാൾപ്പടകളോടുംകൂടി ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അണിനിരന്നു. അവർ വന്ന് ബേത്-ആവെനു കിഴക്ക് മിക്-മാസിൽ പാളയമിറങ്ങി.