1 ശമുവേൽ 1:1-6

1 ശമുവേൽ 1:1-6 MCV

എഫ്രയീംമലനാട്ടിലെ രാമാഥയീം സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം യെരോഹാമിന്റെ മകനായിരുന്നു. യെരോഹാം എലീഹൂവിന്റെ മകൻ, എലീഹൂ തോഹൂവിന്റെ മകൻ, തോഹൂ എഫ്രയീമ്യനായ സൂഫിന്റെ മകൻ. എൽക്കാനായ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്കു മക്കൾ ഉണ്ടായിരുന്നു, എന്നാൽ ഹന്നായ്ക്കു മക്കൾ ഉണ്ടായിരുന്നില്ല. എൽക്കാനാ വർഷംതോറും സൈന്യങ്ങളുടെ യഹോവയെ ആരാധിക്കുന്നതിനും അവിടത്തേക്ക് യാഗം അർപ്പിക്കുന്നതിനുമായി തന്റെ നഗരത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. അവിടെ ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി ഉണ്ടായിരുന്നു. എൽക്കാനായ്ക്കു യാഗം കഴിക്കാനുള്ള ദിവസം വരുമ്പോഴൊക്കെ അദ്ദേഹം, പെനിന്നായ്ക്കും അവളുടെ പുത്രന്മാർക്കും പുത്രിമാർക്കും യാഗം അർപ്പിച്ചതിനുശേഷമുള്ള മാംസത്തിന്റെ ഓഹരി കൊടുത്തിരുന്നു. എന്നാൽ ഹന്നായ്ക്ക്—അദ്ദേഹം അവളെ സ്നേഹിച്ചിരുന്നതുകൊണ്ട്—ഇരട്ടി ഓഹരി നൽകിയിരുന്നു. യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. യഹോവ ഹന്നായുടെ ഗർഭം അടച്ചുകളഞ്ഞതിനാൽ അവളോട് പോരെടുത്തിരുന്ന പെനിന്ന, അവളെ പ്രകോപിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ചെയ്തുവന്നു.