1 രാജാക്കന്മാർ 7:15-39

1 രാജാക്കന്മാർ 7:15-39 MCV

പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവുമുള്ള രണ്ടു വെങ്കലസ്തംഭങ്ങൾ, ഒരേനിരയിൽ ഹീരാം വാർത്തുണ്ടാക്കി. സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിക്കാൻ അദ്ദേഹം രണ്ടു വെങ്കലമകുടങ്ങളും വാർത്തുണ്ടാക്കി. ഓരോ മകുടത്തിനും അഞ്ചുമുഴം ഉയരമുണ്ടായിരുന്നു. ചിത്രപ്പണികളോടുകൂടിയതും വലക്കണ്ണികളുടെ ആകൃതിയിലുള്ളതും കണ്ണികൾ പരസ്പരം കോർത്തുചേർത്തിട്ടുള്ളതുമായ ഏഴേഴു ചങ്ങലവീതം ഓരോ സ്തംഭത്തിനും മുകളിലുള്ള മകുടങ്ങൾക്കും തോരണം ചാർത്തിയിരുന്നു. സ്തംഭങ്ങളിലെ മകുടങ്ങൾക്ക് അലങ്കാരമായി ഓരോ തോരണത്തെയും വലയംചെയ്തുകൊണ്ട് രണ്ടുവരി മാതളപ്പഴങ്ങളും അദ്ദേഹം വാർത്തുണ്ടാക്കി ഘടിപ്പിച്ചു. രണ്ടുമകുടങ്ങളും അദ്ദേഹം ഒരേവിധത്തിൽത്തന്നെ അലങ്കരിച്ചു. പൂമുഖത്തിന്റെ മുമ്പിലുള്ള സ്തംഭങ്ങളിലെ മകുടങ്ങൾക്ക് ശോശന്നപ്പുഷ്പങ്ങളുടെ ആകൃതിയായിരുന്നു. അവയുടെ ഉയരം നാലുമുഴം വീതമായിരുന്നു. രണ്ടുസ്തംഭങ്ങളുടെയും മകുടങ്ങളിൽ മുകളിൽ പുറത്തേക്ക് ഉന്തിനിൽക്കുന്ന ഭാഗത്ത് ചുറ്റുപാടും വരിവരിയായി ഇരുനൂറു മാതളപ്പഴങ്ങൾവീതം ഉണ്ടായിരുന്നു. ദൈവാലയത്തിന്റെ പൂമുഖത്തിങ്കൽ അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; വലതുഭാഗത്തെ സ്തംഭത്തിന് യാഖീൻ എന്നും ഇടതുഭാഗത്തെ സ്തംഭത്തിന് ബോവസ് എന്നും അദ്ദേഹം പേരിട്ടു. സ്തംഭങ്ങളുടെ അഗ്രങ്ങളിലുള്ള മകുടങ്ങൾക്ക് ശോശന്നപ്പുഷ്പങ്ങളുടെ ആകൃതിയായിരുന്നു. ഇപ്രകാരം, അദ്ദേഹം സ്തംഭങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം ആയിരുന്നു. വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം അലങ്കാരക്കായ്കൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ ഈ കായ്കളും രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു. പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്. ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം സംഭരിക്കാം. ഹീരാം വെങ്കലംകൊണ്ട് ചലിപ്പിക്കാവുന്ന പത്തു പീഠങ്ങൾ ഉണ്ടാക്കി; ഓരോന്നും നാലുമുഴം നീളവും നാലുമുഴം വീതിയും മൂന്നുമുഴം ഉയരവുമുള്ളതായിരുന്നു. പീഠങ്ങളുടെ നിർമാണം ഇപ്രകാരമായിരുന്നു: അവയുടെ പാർശ്വത്തിലെ പലകകൾ ലംബമായുള്ള ചട്ടങ്ങളിൽ ഘടിപ്പിച്ചിരുന്നു. ചട്ടങ്ങൾക്കകത്തു ഘടിപ്പിച്ചിരുന്ന പലകകളിൽ സിംഹങ്ങളുടെയും കാളകളുടെയും കെരൂബുകളുടെയും ചിത്രങ്ങൾ കൊത്തിവെച്ചിരുന്നു. ചട്ടങ്ങളിലും ഈ വിധം ഇവയുടെ ചിത്രങ്ങൾ ആലേഖനംചെയ്തതു കൂടാതെ, സിംഹങ്ങളുടെയും കാളകളുടെയും താഴെയും മുകളിലുമായി പുഷ്പചക്രങ്ങളും കൊത്തിയുണ്ടാക്കിയിരുന്നു. ഓരോ പീഠത്തിനും വെങ്കലംകൊണ്ടുള്ള നന്നാലു ചക്രവും വെങ്കലംകൊണ്ടുള്ള അച്ചുതണ്ടും ഉണ്ടായിരുന്നു. ഓരോ പീഠത്തിനും ഓരോ ക്ഷാളനപാത്രവും നന്നാലു കാലുകളിൽ ഘടിപ്പിച്ചിരുന്നു. അവയുടെ ഓരോ വശത്തും പുഷ്പമാല്യങ്ങൾ വാർത്തുപിടിപ്പിച്ചിരുന്നു. പീഠത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ മുകൾഭാഗത്ത് വൃത്താകൃതിയിലുള്ള ചട്ടത്തിനുള്ളിൽ ഒരുമുഴം ആഴം വരത്തക്കവിധം മുകളിലേക്കു തള്ളിനിൽക്കുന്ന ഒരു വായ് അതിനു ഘടിപ്പിച്ചിരുന്നു. ഈ വക്ക് പീഠത്തിന്റെ പണിപോലെ വൃത്താകൃതിയിലുള്ളതും അതിന്റെ ഉയരം ഒന്നരമുഴവും ആയിരുന്നു. വക്കിനുചുറ്റും കൊത്തുപണികളും ചെയ്തിരുന്നു. ഇതിന്റെ ചട്ടത്തിനുള്ള പലകകൾ വൃത്താകാരമായിരുന്നില്ല; പകരം, ചതുരാകൃതിയായിരുന്നു. പീഠത്തിന്റെ ചക്രങ്ങൾ നാലും പലകകളുടെ അടിഭാഗത്തായിരുന്നു; ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തോടു ഘടിപ്പിക്കപ്പെട്ടിരുന്നു. ഓരോ ചക്രത്തിന്റെയും വ്യാസം ഒന്നരമുഴമായിരുന്നു. ചക്രങ്ങൾ പണിയപ്പെട്ടിരുന്നത് രഥചക്രങ്ങൾപോലെയായിരുന്നു; അച്ചുതണ്ടുകളും ചക്രത്തിന്റെ വക്കുകളും ആരക്കാലുകളും ചക്രത്തിന്റെ കേന്ദ്രഭാഗങ്ങളും എല്ലാം വാർത്തുണ്ടാക്കിയവയായിരുന്നു. പീഠങ്ങൾ ഓരോന്നിനും നാലുകോണിലും നാലു കൈപ്പിടികൾ ഉണ്ടായിരുന്നു. കാലുകൾ പീഠത്തിന്റെ തുടർച്ചയായിത്തന്നെ പണിതിരുന്നു. പീഠത്തിന്റെ മുകൾഭാഗത്ത് അരമുഴം ഉയരത്തിൽ ഒരു ചുറ്റുവളയം ഉണ്ടായിരുന്നു. പീഠത്തിന്റെ അഗ്രത്തിലെ താങ്ങുകളും പലകകളും എല്ലാം മുകൾഭാഗത്തോടുചേർത്ത് ഒന്നായിത്തന്നെ വാർത്തെടുത്തിരുന്നു. താങ്ങുകളുടെ ഉപരിതലങ്ങളിലും പലകകളിലും, ലഭ്യമായിരുന്ന എല്ലാ ഇടങ്ങളിലും അദ്ദേഹം കെരൂബുകളുടെയും സിംഹങ്ങളുടെയും ഈന്തപ്പനകളുടെയും രൂപങ്ങളും അവയ്ക്കുചുറ്റും പുഷ്പമാല്യങ്ങളും കൊത്തിയുണ്ടാക്കി. പത്തുപീഠങ്ങളും ഈ വിധത്തിലാണ് അദ്ദേഹം നിർമിച്ചത്. അവയെല്ലാം ഒരേ അച്ചിൽ വാർത്തതും ആകൃതിയിലും അളവിലും ഒരേപോലെയുള്ളതും ആയിരുന്നു. അതിനുശേഷം, അദ്ദേഹം വെങ്കലംകൊണ്ട് പത്തു ക്ഷാളനപാത്രങ്ങളും നിർമിച്ചു. ഓരോന്നും നാൽപ്പതുബത്ത് വീതം വെള്ളം കൊള്ളുന്നതും നാലുമുഴംവീതം വ്യാസമുള്ളതും ആയിരുന്നു. പത്തു പീഠങ്ങളിൽ ഓരോന്നിനും ഓരോ ക്ഷാളനപാത്രം വീതം ഉണ്ടായിരുന്നു. അദ്ദേഹം, പീഠങ്ങളിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു. വെങ്കലംകൊണ്ട് നിർമിച്ച വലിയ ജലസംഭരണി ദൈവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചത്.