1 രാജാക്കന്മാർ 19:9-12

1 രാജാക്കന്മാർ 19:9-12 MCV

അവിടെ, അദ്ദേഹം ഒരു ഗുഹയിൽ രാത്രി കഴിച്ചു. അവിടെവെച്ച് ഏലിയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലിയാവേ! നീ ഇവിടെ എന്തുചെയ്യുന്നു?” എന്ന് യഹോവ ചോദിച്ചു. അതിന് ഏലിയാവ്: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെയധികം തീക്ഷ്ണതയുള്ളവനായിരുന്നു. ഇസ്രായേൽമക്കൾ അവിടത്തെ ഉടമ്പടി തിരസ്കരിച്ചു; അവിടത്തെ യാഗപീഠങ്ങളെ ഇടിച്ചുനശിപ്പിച്ചു; അവിടത്തെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തിരിക്കുന്നു; ഇപ്പോൾ, ഞാൻ; ഞാൻമാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്താൻ ശ്രമിക്കുന്നു” എന്നു മറുപടി പറഞ്ഞു. “നീ പുറത്തുവന്നു പർവതത്തിൽ എന്റെ സന്നിധിയിൽ നിൽക്കുക” എന്ന് യഹോവ ഏലിയാവിനോടു കൽപ്പിച്ചു. അപ്പോൾ, ഇതാ, യഹോവ കടന്നുപോകുന്നു; ഒരു വലിയ കൊടുങ്കാറ്റു പർവതങ്ങളെ പിളർന്നു പാറകളെ ചിതറിച്ചുകളഞ്ഞു. എന്നാൽ, കൊടുങ്കാറ്റിൽ യഹോവ ഉണ്ടായിരുന്നില്ല. അതിനുശേഷം ഒരു ഭൂകമ്പമുണ്ടായി. പക്ഷേ, ഭൂകമ്പത്തിലും യഹോവ ഉണ്ടായിരുന്നില്ല. ഭൂകമ്പത്തിനുശേഷം ഒരു അഗ്നിയുണ്ടായി. അഗ്നിയിലും യഹോവ ഇല്ലായിരുന്നു. അഗ്നിയുടെ പ്രത്യക്ഷതയ്ക്കുശേഷം ശാന്തമായ ഒരു മൃദുസ്വരം കേട്ടു.