വളരെ നാളുകൾക്കുശേഷം—മൂന്നാംവർഷത്തിൽ—യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി: “നീ ചെന്ന് ആഹാബ് രാജാവിന്റെ മുമ്പിൽ മുഖം കാണിക്കുക. ഞാൻ ഭൂമിയിൽ മഴപെയ്യിക്കാൻ പോകുന്നു.” അങ്ങനെ, ആഹാബിന്റെ മുമ്പിൽ മുഖം കാണിക്കുന്നതിനായി ഏലിയാവു പുറപ്പെട്ടു. ഈ സമയം, ശമര്യയിൽ ക്ഷാമം അതികഠിനമായിരുന്നു. ആഹാബ്, കൊട്ടാരം ഭരണാധിപനായ ഓബദ്യാവിനെ ആളയച്ചുവരുത്തി—ഓബദ്യാവ് യഹോവയുടെ ഒരു മഹാഭക്തനായിരുന്നു; ഈസബേൽരാജ്ഞി യഹോവയുടെ പ്രവാചകന്മാരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്നപ്പോൾ ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി. അവരെ അൻപതുപേർ വീതമുള്ള സംഘങ്ങളായി രണ്ടു ഗുഹകളിലായി ഒളിപ്പിക്കുകയും അവർക്കു ഭക്ഷണപാനീയങ്ങൾ നൽകി സംരക്ഷിക്കുകയും ചെയ്തിരുന്നു— ആഹാബ് ഓബദ്യാവിനോടു പറഞ്ഞു: “ഈ നാട്ടിൽ ഉടനീളം സകലനീരുറവകളുടെയും താഴ്വരകളുടെയും സമീപം നമുക്കു പോയിനോക്കാം; ഒരുപക്ഷേ, നമ്മുടെ ചില കുതിരകളെയും കോവർകഴുതകളെയും കൊല്ലാതെ നമ്മുടെ മൃഗസമ്പത്ത് ജീവനോടെ രക്ഷിക്കാൻ പാകത്തിൽ നമുക്ക് അൽപ്പം പച്ചപ്പുല്ലു കണ്ടെത്താൻ കഴിയുമായിരിക്കും.” അങ്ങനെ, തങ്ങൾ പരിശോധിക്കേണ്ട പ്രദേശങ്ങൾ അവർ രണ്ടായി വിഭജിച്ചു; ഒരു ദിശയിലേക്ക് ആഹാബും മറ്റേ ദിശയിലേക്ക് ഓബദ്യാവും യാത്രയായി. ഓബദ്യാവു യാത്രചെയ്തുപോകുമ്പോൾ ഏലിയാവ് അദ്ദേഹത്തെ വഴിയിൽവെച്ചു കണ്ടുമുട്ടി. ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞു; അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: “ഇത്, എന്റെ യജമാനനായ ഏലിയാവുതന്നെയോ?” “അതേ, ഞാൻതന്നെ. ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്നു നീ ചെന്ന് നിന്റെ യജമാനനെ അറിയിക്കുക,” എന്ന് ഏലിയാവു മറുപടി നൽകി. ഓബദ്യാവു ചോദിച്ചു: “ആഹാബിന്റെ കൈകളാൽ കൊല്ലപ്പെടുന്നതിന് എന്നെത്തന്നെ ഏൽപ്പിച്ചു കൊടുക്കേണ്ടതിനു അടിയൻ എന്തു തെറ്റുചെയ്തു? അങ്ങയുടെ ജീവനുള്ള ദൈവമായ യഹോവയാണെ, എന്റെ യജമാനൻ അങ്ങയെ അന്വേഷിച്ച് ആളയയ്ക്കാത്ത ഒരു ജനതയോ രാജ്യമോ ഇല്ല. ‘അദ്ദേഹം ഇവിടെയില്ല,’ എന്ന് അവർ പറയുമ്പോൾ, ആഹാബ് ആ ജനതയേയൊ രാജ്യത്തേയോകൊണ്ട്, ‘ഞങ്ങൾക്ക് ഏലിയാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല’ എന്ന് ശപഥംചെയ്യിച്ചിരുന്നു. അങ്ങനെയിരിക്കെ, ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്ന് എന്റെ യജമാനനായ രാജാവിനോടു ചെന്നു പറയാൻ അങ്ങ് എന്നോടു കൽപ്പിക്കുന്നല്ലോ? ഞാൻ അങ്ങയെ വിട്ടുപോകുമ്പോൾ യഹോവയുടെ ആത്മാവ് അങ്ങയെ ഏതു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ ചെന്ന് ആഹാബിനോടു വിവരം പറയുകയും അദ്ദേഹം അങ്ങയെ കണ്ടെത്താതിരിക്കുകയും ചെയ്താൽ, രാജാവ് എന്നെ വധിക്കും. അതുമാത്രമല്ല; അങ്ങയുടെ ദാസനായ ഞാൻ എന്റെ യൗവനംമുതൽ യഹോവയെ ഭയപ്പെട്ട് ജീവിക്കുന്ന വ്യക്തിയുമാണല്ലോ! ഈസബേൽരാജ്ഞി യഹോവയുടെ പ്രവാചകന്മാരെ കൊന്നുമുടിച്ചുകൊണ്ടിരുന്നപ്പോൾ അടിയൻ ചെയ്തത് എന്താണെന്നു യജമാനനായ അങ്ങ് കേട്ടിട്ടുണ്ടല്ലോ. ഞാൻ നൂറു പ്രവാചകന്മാരെ അൻപതുവീതമുള്ള രണ്ടു സംഘങ്ങളായി ഗുഹകളിൽ ഒളിപ്പിച്ച് അവർക്കു ഭക്ഷണപാനീയങ്ങൾ കൊടുത്തുവല്ലോ. എന്റെ യജമാനനായ രാജാവിന്റെ അടുത്തുചെന്ന് ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്ന് അറിയിക്കാൻ അങ്ങ് ഇപ്പോൾ എന്നോടു കൽപ്പിക്കുന്നോ? രാജാവ് എന്നെ നിശ്ചയമായും വധിക്കും.” ഏലിയാവു പറഞ്ഞു: “ഞാൻ സേവിക്കുന്ന സൈന്യങ്ങളുടെ യഹോവയാണെ, ഞാൻ ഇന്നുതന്നെ തീർച്ചയായും ആഹാബിന്റെ മുമ്പിൽ മുഖം കാണിക്കും.”
1 രാജാക്കന്മാർ 18 വായിക്കുക
കേൾക്കുക 1 രാജാക്കന്മാർ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാക്കന്മാർ 18:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ