1 രാജാക്കന്മാർ 15:25-34

1 രാജാക്കന്മാർ 15:25-34 MCV

യെഹൂദാരാജാവായ ആസായുടെ രണ്ടാംവർഷം യൊരോബെയാമിന്റെ മകനായ നാദാബ് ഇസ്രായേലിൽ രാജാവായി. അദ്ദേഹം ഇസ്രായേലിൽ രണ്ടുവർഷം ഭരിച്ചു. അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിക്കുകയും തന്റെ പിതാവായ യൊരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപവഴികളിൽ ജീവിക്കുകയും ചെയ്തു. യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട അഹീയാവിന്റെ മകനായ ബയെശാ നാദാബിനെതിരേ ഗൂഢാലോചന നടത്തി. നാദാബും സകല ഇസ്രായേലുംകൂടി ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കുമ്പോൾ അവിടെവെച്ച് ബയെശാ അദ്ദേഹത്തെ കൊലപ്പെടുത്തി. അങ്ങനെ, യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം ബയെശാ നാദാബിനെ വധിച്ച് തൽസ്ഥാനത്തു രാജാവായി. ഭരണം ആരംഭിച്ചയുടൻതന്നെ ബയെശാ യൊരോബെയാമിന്റെ കുടുംബത്തിലെ സകലരെയും കൊന്നൊടുക്കി. യഹോവ തന്റെ ദാസൻ ശീലോന്യനായ അഹീയാവുമുഖാന്തരം അരുളിച്ചെയ്തിരുന്ന വാക്കുകൾപോലെ അദ്ദേഹം യൊരോബെയാമിന്റെ വംശത്തിൽ ജീവനുള്ള യാതൊന്നും ശേഷിക്കാതവണ്ണം മുഴുവനായും നശിപ്പിച്ചുകളഞ്ഞു. യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾനിമിത്തം ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്. നാദാബിന്റെ ഭരണകാലഘട്ടത്തിലെ മറ്റു സംഭവവികാസങ്ങളും അദ്ദേഹത്തിന്റെ സകലപ്രവർത്തനപദ്ധതികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു. യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം അഹീയാവിന്റെ മകനായ ബയെശാ തിർസ്സയിൽ സകല ഇസ്രായേലിനുംവേണ്ടി രാജഭരണം ഏറ്റെടുത്തു. അദ്ദേഹം ഇരുപത്തിനാലു വർഷം ഭരിച്ചു. ബയെശാ യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായകാര്യങ്ങൾ പ്രവർത്തിച്ചു. യൊരോബെയാമിന്റെ മാർഗങ്ങളിലും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും അദ്ദേഹം വ്യാപൃതനായി.