ഈ സമയം ശലോമോന്റെ മകനായ രെഹബെയാം യെഹൂദ്യയിൽ രാജാവായിരുന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. യെഹൂദാജനവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. അവർ ചെയ്ത പാപങ്ങൾമൂലം തങ്ങളുടെ പൂർവികരെക്കാൾ അധികമായി അവർ യഹോവയെ കോപിപ്പിച്ചു. അവർ, ഉയർന്ന ഓരോ മലയിലും പന്തലിച്ച ഓരോ ഇലതൂർന്ന മരത്തിന്റെ ചുവട്ടിലും തങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ, ആചാരസ്തൂപങ്ങൾ, അശേരാപ്രതിഷ്ഠകൾ എന്നിവ സ്ഥാപിച്ചു. ക്ഷേത്രങ്ങൾ ആസ്ഥാനമാക്കി പുരുഷവേശ്യകളും ദേശത്തുണ്ടായിരുന്നു; യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങളുടെ സകലവിധ മ്ലേച്ഛതകളും അവർ അനുവർത്തിച്ചു. രെഹബെയാം രാജാവിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു. അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടു പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു. രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ ആ പരിചകൾ ധരിക്കും; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും. രെഹബെയാമിന്റെ ഭരണകാലത്തെ മറ്റുസംഭവങ്ങളും തന്റെ സകലപ്രവർത്തനങ്ങളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.
1 രാജാക്കന്മാർ 14 വായിക്കുക
കേൾക്കുക 1 രാജാക്കന്മാർ 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാക്കന്മാർ 14:21-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ